എല്‍ ഡി എഫ് പേരാമ്പ്ര ട്രഷറി ഉപരോധത്തിനിടെ സംഘര്‍ഷം

Posted on: March 14, 2015 10:51 am | Last updated: March 14, 2015 at 10:51 am
SHARE

പേരാമ്പ്ര: ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മുന്നണി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി എല്‍ ഡി എഫ് പേരാമ്പ്രയില്‍ നടത്തിയ ട്രഷറി ഉപരോധത്തിനിടെ സംഘര്‍ഷം.
അക്രമത്തില്‍ പേരാമ്പ്ര സ്‌റ്റേഷനിലെ പോലീസുകാരന് പരുക്കേറ്റു. ഇന്നലെ കാലത്ത് ആറ് മുതല്‍ നൂറുകണക്കിന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ട്രഷറിക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും, പേരാമ്പ്ര- പയ്യോളി റോഡില്‍ വാഹന ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ന്യൂ കോര്‍ട്ട് റോഡിലൂടെ വാഹനം തിരിച്ചു വിട്ടെങ്കിലും, പോലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ ഗതാഗതത്തിന് തടസ്സമായി. ഇതേത്തുടര്‍ന്ന് മെയിന്‍ റോഡില്‍നിന്ന് പ്രവര്‍ത്തകരെ മാറ്റാന്‍ പോലീസ് നടത്തിയ നീക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. നേതാക്കളെത്തി സമാധാന ശ്രമം നടത്തിയതോടെ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. പേരാമ്പ്ര സി ഐ. കെ ഉല്ലാസ്, എസ് ഐ ജോര്‍ജ് എന്നിവരും സമീപ സ്‌റ്റേഷനുകളിലെ എസ്‌ഐ മാരും ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്.
ഉപരോധ സമരത്തില്‍ മുന്‍ എം എല്‍ എ. എ കെ പത്മനാഭന്‍, സി പി എം സംസ്ഥാന സമിതി അംഗം എന്‍ കെ രാധ, എ കെ ചന്ദ്രന്‍, പി ബാലന്‍ അടിയോടി, പി കെ എം ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ശശി കിഴക്കന്‍ പേരാമ്പ്ര, എന്‍ പി. ബാബു, എ കെ ബാലന്‍, എന്‍ കെ നളിനി, വി കെ പ്രമോദ് പ്രസംഗിച്ചു.