കുറ്റിയാടി ബൈപ്പാസ് യാഥാര്‍ഥ്യമായില്ല

Posted on: March 14, 2015 10:51 am | Last updated: March 14, 2015 at 10:51 am
SHARE

കുറ്റിയാടി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപ്പാസ് റോഡ് നിര്‍മാണം ലക്ഷ്യം കണ്ടില്ല. ചില സ്വകാര്യ വ്യക്തികളുടെ ശക്തമായ എതിര്‍പ്പ് മൂലം സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ബൈപ്പാസ് റോഡ് നിര്‍മാണം അനിശ്ചിതത്വത്തിലായത്. വടകര റോഡിലെ കടക്കേച്ചാലില്‍ നിന്ന് തുടങ്ങി പേരാമ്പ്ര റോഡിലെ വലിയ പാലത്തിനടുത്ത് അവസാനിക്കുന്ന രീതിയിലാണ് ബൈപ്പാസ് രൂപകല്‍പ്പന ചെയ്തത്. നിലവില്‍ നാല് റോഡുകള്‍ ചേരുന്ന ടൗണ്‍ ജംഗ്ഷന്‍ ഗതാഗതക്കുരുക്കുമൂലം വീര്‍പ്പുമുട്ടുകയാണ്. ചെറുതും വലുതമായി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ജംഗ്ഷനില്‍ ദിശാസൂചകങ്ങളോ സ്ഥിരം ട്രാഫിക് സംവിധാനങ്ങളോ ഇല്ല. സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പുറത്തേക്കിറങ്ങുന്നതും ഇതേ ജംഗഷനിലേക്കാണ്. റോഡിന്റെ ഇരു ഭാഗങ്ങളിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളടക്കമുള്ളവ കുരുക്ക് വര്‍ധിപ്പിക്കുന്നു. ടൗണിലൂടെ ഒരു പ്രകടനം കടന്നുപോകുന്നതോടെ നാല് റോഡുകളിലും വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെടും. ഹോം ഗാര്‍ഡും ട്രാഫിക് പോലീസും മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് ഗതാഗതം സുഗമമാക്കുന്നത്. ഗതാഗതക്കുരുക്കിന് ഏക പരിഹാരം എന്ന നിലക്കാണ് ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ ധാരണായായത്.