Connect with us

Malappuram

ആദിവാസി കുടുംബത്തെ പോലീസ് മര്‍ദിച്ചതായി പരാതി

Published

|

Last Updated

എടക്കര: മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിച്ചു കൊടുത്തുവെന്ന് ആരോപിച്ച് നാലംഗ ആദിവാസി കുടുംബത്തെ പോലീസ് മര്‍ദിച്ചതായി പരാതി. കരിയംമുരിയം വനത്തില്‍ തണ്ണിക്കടവ് മുക്കണംപൊട്ടി കോളനിയിലെ ചാത്തന്‍ (60), ഭാര്യ നീലി (57), മക്കളായ ഭാസ്‌കരന്‍ (27), രാജന്‍ (24) എന്നിവരെയാണ് മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിയെന്നാരോപിച്ച് മര്‍ദിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ കോളനിയില്‍ ഒന്നര കിലോമീറ്റര്‍ അകലെ വനത്തില്‍ പയറ്റുംപൊട്ടി എന്ന സ്ഥലത്തുവെച്ചാണ് ഇവരെ മര്‍ദിച്ചതായി പറയുന്നത്. ചാത്തനും ഭാസ്‌കരനും രാജനും വൈകുന്നേരം ആറോടെ കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോഴാണ് കാട്ടില്‍ തമ്പടിച്ചിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഇവരെ തടഞ്ഞത്. മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം കൊടുത്തു വരികയാണെന്ന് പറഞ്ഞാണ് ഇവരെ പോലീസ് മര്‍ദിച്ചത്. തോക്കിന്റെ ചട്ട കൊണ്ടാണ് മര്‍ദിച്ചതെന്നും പറയുന്നു. ഇതിനിടയില്‍ ആകാശത്തേക്ക് വെടി വെക്കുകയും ചെയ്തു.
പിന്നീട് ഇവരെ കോളനിയില്‍ വീട്ടില്‍ കൊണ്ട് വന്നു. ഈ സമയത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് തന്നെ മര്‍ദിച്ചതെന്ന് നീലിയും പറഞ്ഞു. പിന്നീട് ഇവരെ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. രാവിലെ വിട്ടയക്കുകയായിരുന്നു. രാജന്റെ പുറത്തും ഭാസ്‌കരന്റെ മുഖത്തും പരുക്കുണ്ട്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സമയം ചാത്തന്റെ വീട്ടില്‍ ഇടക്കിടെ മാവോയിസ്റ്റുകള്‍ വന്നു പോവുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മാവോയിസ്റ്റുകളില്‍ നിന്നും സാമ്പത്തികം കൈപ്പറ്റിയാണ് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. തേന്‍ ശേഖരിക്കുന്നതല്ല, മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയതാണെന്നും പോലീസ് വ്യക്തമാക്കി. ആദിവാസികളെ മര്‍ദിച്ചുവെന്നുള്ളതും നിഷേധിച്ചു.

Latest