കിരീടം ന്യൂസിലാന്‍ഡിനുള്ളത് : റിക്കി പോണ്ടിംഗ്, റിച്ചാര്‍ഡ്‌സ്

Posted on: March 14, 2015 6:00 am | Last updated: March 14, 2015 at 9:46 am
SHARE

വെല്ലിംഗ്ടണ്‍: ലോകകപ്പ് ആര് നേടും? ക്രിക്കറ്റ് ഇതിഹാസങ്ങളായ വിവ് റിച്ചാര്‍ഡ്‌സ്, ഇയാന്‍ ബോഥം, റിക്കി പോണ്ടിംഗ് എന്നിവര്‍ ന്യൂസിലാന്‍ഡെന്ന് ആത്മവിശ്വാസത്തോടെ മറുപടി നല്‍കും. ടൂര്‍ണമെന്റിലിതുവരെയുള്ള പ്രകടനം തന്നെയാണ് ന്യൂസിലാന്‍ഡിനെ ഇതിഹാസങ്ങളുടെ പ്രിയ ടീമാക്കുന്നത്.
ബ്രെണ്ടന്‍ മെക്കല്ലം നായകസ്ഥാനമേറ്റെടുത്തതിന് ശേഷമാണ് ന്യൂസിലാന്‍ഡ് ടീമെന്ന നിലയില്‍ ഏറെ മുന്നേറിയതെന്ന് റിക്കി പോണ്ടിംഗ്. കിവീസിന് ആത്മവിശ്വാസവും ആക്രമണോത്സുകതയും കൈവന്നു. ഓപണറായിറങ്ങുന്ന മെക്കല്ലം നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് കിവീസിന്റെ ഇന്നിംഗ്‌സിന് അടിത്തറ പാകുന്നത്.
ഇത് ഒരു ടീമിന് മുഴുവനായും നല്‍കുന്ന പ്രചോദനം കുറച്ചൊന്നുമല്ലെന്ന് പോണ്ടിംഗ് നിരീക്ഷിക്കുന്നു. ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും സന്തുലിതമായ ടീമും ഇതാണെന്ന് പോണ്ടിംഗ് പറയുന്നു. ആസ്‌ത്രേലിയയെ 2003, 2007 ലോകകപ്പ് കിരീട വിജയത്തിലെത്തിച്ച നായകനാണ് റിക്കി പോണ്ടിംഗ്.
ഇയാന്‍ ബോഥമിന്റെ കാഴ്ചപ്പാടില്‍ ന്യൂസിലാന്‍ഡ്-ആസ്‌ത്രേലിയ ഫൈനല്‍ വരും.
ന്യൂസിലാന്‍ഡ് കപ്പുയര്‍ത്തും. തോല്‍ക്കാന്‍ മനസ്സിലാത്ത ടീമായി ന്യൂസിലാന്‍ഡ് മാറിയിരിക്കുന്നുവെന്ന് ബോഥം.
പ്രാഥമിക റൗണ്ടില്‍ എല്ലാ കളിയും ജയിച്ച ടീമാണ് ന്യൂസിലാന്‍ഡ്. ഓരോ മത്സരവും വ്യത്യസ്ഥ രീതിയില്‍ ജയിച്ചിരിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ക്കനുസൃതമായി കളിക്കുവാന്‍ കിവീസിന് സാധിക്കുന്നു- റിച്ചാര്‍ഡ്‌സ് പറഞ്ഞു. 1975,79 ലോകകപ്പുകള്‍ വിന്‍ഡീസിന് നേടിക്കൊടുത്ത സൂപ്പര്‍ താരമാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ്.