ഇന്‍സ്ട്രുമെേന്റഷന്‍ പൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്

Posted on: March 14, 2015 9:40 am | Last updated: March 14, 2015 at 9:40 am
SHARE

പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കഞ്ചിക്കോട് യൂണിറ്റിന്റെ കാര്യത്തില്‍ 20 ദിവസത്തിനകം തീരുമാനം പ്രതീക്ഷിക്കാമെന്നു കേന്ദ്ര ഘനമന്ത്രാലയം ജോയിന്റ് സെക്രട്ടറി വിശ്വജിത്ത് സഹായി സൂചന നല്‍കി.
കഞ്ചിക്കോട് യൂനിറ്റ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായും ജീവനക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഞ്ചിക്കോട് യൂണിറ്റ് ലാഭത്തിലാണെന്നതില്‍ തര്‍ക്കം വേണ്ട.
ലാഭത്തിലുള്ള യൂണിറ്റുകള്‍ പൂട്ടുന്നതു കേന്ദ്ര നയമല്ല. അതേസമയം യൂണിറ്റിനെ ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ ഉപകമ്പനിയാക്കണമോയെന്ന കാര്യത്തില്‍ രാഷ്ട്രീയതീരുമാനമാണു വേണ്ടത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഉപകമ്പനിയായി ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കഞ്ചിക്കോട് യൂണിറ്റിനെ മാറ്റുന്നതില്‍ അഭിപ്രായം പറയാനാകില്ല. അത്തരമൊരു ആവശ്യം ബി എച്ച്ഇ എല്ലിന്റെ ഭാഗത്തു നിന്നാണ് ഉയരേണ്ടത്.
ഇന്‍സ്ട്രുമെന്റേഷനിലെ ശമ്പളപരിഷ്‌കരണം ഇപ്പോള്‍ ഉന്നയിക്കേണ്ട വിഷയമല്ലെന്നും വിശ്വജിത്ത് സഹായി പറഞ്ഞു. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി ഈശ്വര്‍, യൂണിറ്റ് മേധാവി വ ശശിധരന്‍, അസി. ജനറല്‍ മാനേജര്‍മാരായ പി എന്‍ ഗാപാലകൃഷ്ണന്‍, ഈപ്പന്‍ വര്‍ഗീസ് തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.
ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായി ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (ഐ എന്‍ ടി യു സി) പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ വല്ലപ്പുഴ, വൈസ് പ്രസിഡന്റ് എന്‍. സുദര്‍ശനന്‍, ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) സെക്രട്ടറി വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് എം പ്രേമന്‍, സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സംഘടനാ പ്രതിനിധികള്‍ നിവേദനങ്ങള്‍ നല്‍കി. നേരത്തെ, ഫളൂയിഡ് കണ്‍ട്രോള്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടും വിശ്വജിത്ത് സഹായി സന്ദര്‍ശിച്ചു.
കൃത്യമായ പദ്ധതികള്‍ മുന്നോട്ടുവച്ചാല്‍ പദ്ധതിവിഹിതമായി ഫണ്ട് അനുവദിക്കാമെന്ന് എഫ്‌സിആര്‍ഐ ഡയറക്ടര്‍ ഡോ ജേക്കബ് ചാണ്ടപ്പിള്ള ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു.