Connect with us

Wayanad

മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ മൂന്നിടത്ത് എല്‍ ഡി എഫ് ഉപരോധം

Published

|

Last Updated

കല്‍പ്പറ്റ/മാനന്തവാടി: ബാറുടമകളില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയ കെ എംമാണി ബജറ്റ് അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഇന്നലെ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ഉപരോധസമരം നടത്തി.കല്‍പ്പറ്റയില്‍ കലക്ടറേറ്റ്, മാനന്തവാടിയില്‍ ആര്‍ഡിഒ ഓഫീസ്, ബത്തേരിയില്‍ സബ് ട്രഷറി എന്നിവിടങ്ങളിലായിരുന്നു ഉപരോധം.
മാനന്തവാടി: ബാര്‍കോഴക്കേസിലെ പ്രതി മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മാനന്തവാടി ആര്‍ഡിഒ ഓഫീസ് ഉപരോധിച്ചു. രാവിലെ എട്ടുമണിക്കുതന്നെ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. സമരം സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. ജനതാ ദള്‍ ജില്ലാ സെക്രട്ടറി എം ജെ പോള്‍ അധ്യക്ഷനായി. എല്‍ ഡഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, പി ജെ കതറിന്‍(കേരള കേണ്‍ഗ്രസ്സ്), എം പി അനില്‍, പി വി പത്മനാഭന്‍(സിഎംപി), അഡ്വ. എ എന്‍ ജവഹര്‍(ഫോര്‍വേഡ് ബ്ലോക്ക്), സിദ്ധപ്പന്‍ പാലക്കര( ആര്‍എസ്പി), എ എന്‍ സലിം കുമാര്‍(സിപിഐ എംഎല്‍), എ എന്‍ പ്രഭാകരന്‍, കെ സി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കമ്മറ്റി കണ്‍വീനര്‍ പി വി സഹദേവന്‍ സ്വാഗതം പറഞ്ഞു. കെ എം വര്‍ക്കി, കെ ടി പ്രകാശന്‍, ഇ ജെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേരളത്തിന് അപമാനമായ ഒരു മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരുന്നതിന് പകരം ആരോപണം ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും യുഡിഎഫും ചെയ്യുന്നത്. സംസ്ഥാന ഖജനാവാകെ കൊള്ളടിക്കുകയാണ്. കൈക്കൂലിയും അഴിമതിയും സാര്‍വത്രികമാക്കുകയും മാഫിയ സംഘങ്ങള്‍ക്ക് സ്വസ്ഥമായ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. നിയമസഭ വളയുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ മൂന്നിടത്ത് ഉപരോധം നടത്തിയത്. എല്‍ഡിഎഫ് സമരത്തിന് സി എം പി, ജെ എസ്എസ്, ഐ എന്‍ എല്‍, സി പി ഐ എംഎല്‍-റെഡ്ഫഌഗ്, ആര്‍ എസ്പി-എം, ആര്‍ എസ് പി-കെ, എ ഐ എഫ് ബി എന്നീ പാര്‍ട്ടികളും പങ്കെടുത്തു.