Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി താലൂക്ക് കുരങ്ങ് പനി ബാധിത മേഖലയായി പ്രഖ്യാപിച്ചു

Published

|

Last Updated

കല്‍പ്പറ്റ: കൂടുതല്‍ പ്രദേശങ്ങളില്‍ കുരങ്ങ് പനി ബാധ റിപ്പേര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴിലുള്ള പ്രദേശങ്ങള്‍ മുഴുവന്‍ കുരങ്ങ് പനി ബാധിത മേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ വി.കേശവേന്ദ്രകുമാര്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ചേര്‍ന്ന കുരങ്ങ് പനി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിര സാഹചര്യം നേരിടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരുന്നതായും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസില്‍ സ്‌പെഷല്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ 12മണിക്കൂറും ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കും. താലൂക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറക്കുന്നതിനും വിദഗ്ദ്ധ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കും. രക്ത പരിശോധന സാമ്പിളുകളുടെ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് മണിപ്പാല്‍ മെഡിക്കല്‍ കോളേജ് അധികൃതരോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ വാക്‌സിനുകള്‍ ഇന്നു മുതല്‍ വിതരണം ചെയ്ത് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കുരങ്ങ് ചത്ത് കിടക്കുന്നതായി കണ്ടെത്തിയാല്‍ രണ്ട് മണിക്കൂറിനകം സ്ഥലത്തെത്തി പ്രദേശം അണു വിമുക്തമാക്കുന്നതിനും ജഡം എടുത്ത് മാറ്റുന്നതിനും വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ തുക ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യം വരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. വനം വകുപ്പിലെ ദിവസ വേതനക്കാരടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബത്തേരി താലൂക്കിലെ എല്ലാ വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നതിന് മൃഗ സംരക്ഷണ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തേക്ക് ഒരു പ്രാവശ്യം മരുന്ന് നല്‍കിയാല്‍മതിയാകും. കുരങ്ങ് പനിയുടെ ലക്ഷണങ്ങളുമായെത്തുന്നവരെ എത്രയും വേഗം താലൂക്ക് ആശുപത്രികളിലേക്കോ മെഡിക്കല്‍ കോളജുകളിലേക്കോ അയക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ കുരങ്ങ് പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡും സൗജന്യ ചികിത്സയും നല്‍കും.
കുരങ്ങ് പനിക്കായി നല്‍കുന്ന പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളാണെന്നും വിവിധ ഘട്ടങ്ങളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇവ നല്‍കുന്നതെന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വനാതിര്‍ത്തികളില്‍ രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി നിയന്ത്രണാധീനമാകുന്നത് വരെ എല്ലാ ആഴ്ചയും ജില്ലാ തല ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ ശശിധരന്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ധനേഷ് കുമാര്‍, എ.ഡി.എം. പി.വി.ഗംഗാധരന്‍, ബത്തേരി തഹസില്‍ദാര്‍ എന്‍.കെ.അബ്രഹാം, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.