ഗംഗാധരന്റെ മരണം കുരങ്ങുപനിയെന്ന്; നാട്ടുകാര്‍ ചെതലയത്ത് റോഡ് ഉപരോധിച്ചു

Posted on: March 14, 2015 9:37 am | Last updated: March 14, 2015 at 9:37 am
SHARE

സുല്‍ത്താന്‍ ബത്തേരി: ചെതലയം ആറാംമൈലിലെ പടിപ്പുര ഗംഗാധരന്റെ മരണം കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ രോഷാകുലരായ നാട്ടുകാര്‍ ബത്തേരി-പുല്‍പ്പള്ളി റോഡിലെ ചെതലയം ആറാംമൈല്‍ റോഡുപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മരിച്ച ഗംഗാധരന്റെ കുടുംബത്തിന് പത്തുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുക, അടുത്ത ബന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കുക, കുരങ്ങുപനി ബാധിച്ച കുരങ്ങുകളെ കൊന്നൊടുക്കുക, ജനവാസ കേന്ദ്രങ്ങള്‍ക്കടുത്തുള്ള കാടുകളിലെ ചള്ളുകളെ നശിപ്പിക്കാന്‍ അരകിലോമീറ്റര്‍ ദൂരത്തില്‍ അടിക്കാട് കത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു റോഡുപരോധം. ബത്തേരി തഹസില്‍ദാര്‍ എന്‍.കെ അബ്രഹാം, കുറിച്യാട് റെയിഞ്ചര്‍ അജിത് കെ.രാമന്‍ സ്ഥലത്തെത്തി ആവശ്യം സര്‍ക്കാരിലേക്ക് അറിയിക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം ഒന്നരയോടെ അവസാനിപ്പിച്ചു.