ജര്‍മനിയില്‍ അധ്യാപികമാര്‍ക്ക് ശിരോവസ്ത്ര നിരോധം കോടതി റദ്ദാക്കി

Posted on: March 14, 2015 5:26 am | Last updated: March 13, 2015 at 11:26 pm
SHARE

ബെര്‍ലിന്‍: ജര്‍മനിയില്‍ അധ്യാപികമാര്‍ക്ക് ഏര്‍പ്പെടുത്തിയ ശിരോവസ്ത്ര നിരോധം ജര്‍മന്‍ ഉന്നത കോടതി റദ്ദാക്കി. നിരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. നോര്‍ത്ത് റിഹൈന്‍ – വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ രണ്ട് അധ്യാപികമാര്‍ നിരോധത്തെ എതിര്‍ത്ത് സംയുക്ത ഭരണഘടനാ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിധി. വിധി നിരോധം നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.
12 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് വിധി. പ്രത്യേക നിയമപ്രകാരം ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്ന് 2003ല്‍ കാള്‍സ്‌റൂഹിലെ ഹൈക്കോടതി വിധിച്ചതിനെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇത്തരം നിയമങ്ങള്‍ പാസാക്കിയിരുന്നു. പുറംകാഴ്ചയടെ പേരില്‍ സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കുന്നത് മതസ്വാതന്ത്ര്യവുമായി ഒരുമിച്ച് പോകുന്നതല്ലെന്ന് പ്രസ്താവനയില്‍ കോടതി പറഞ്ഞു.
മതപരമായ വിവേചനം ഇല്ലാതാക്കുന്ന ഭരണഘടനാ സംരക്ഷണം ശിരോവസ്ത്ര നിരോധനത്തിലൂടെ സംസ്ഥാനം ലംഘിച്ചതായും കോടതി ചൂണ്ടിക്കാട്ടി. നിയമം പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് വിധിയെത്തുടര്‍ന്ന് സംസ്ഥാനം വ്യക്തമാക്കി.