ലോകസമാധാന അംബാസഡറായി ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു

Posted on: March 14, 2015 1:24 am | Last updated: March 13, 2015 at 11:25 pm
SHARE

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിനു മാതൃകയായ ബോബി ചെമ്മണ്ണൂരിനെ അന്താരാഷ്ട്ര സമാധാന സംഘടനയായ യൂനിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍ (യു പി എഫ്) ലോകസമാധാന അംബാസഡറായി തിരഞ്ഞെടുത്തു. കെനിയയുടെ പ്രധാന മന്ത്രി റയ്‌ല ഒഡിംഗ, ഈജിപ്ത് പധാനമന്ത്രി അബ്ദ് ഇലാസിസ് ഫെഗാസി, ബാര്‍ബഡോസ് പ്രധാനമന്ത്രി സര്‍ ലോയ്ഡ് എര്‍സക്കീന്‍ സാന്റിഫോര്‍ഡ്, ഉക്രെയിന്‍ പ്രസിഡന്റ് എച്ച് ഇ ലിയോനിഡ് എം ക്രാവ്ചുക് എന്നിവരാണ് മുന്‍കാലങ്ങളില്‍ ഈ പദവി അലങ്കരിച്ചിരുന്നത്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ യു പി എഫ് പ്രസിഡന്റ് ഡോ. തോമസ് ജി വാല്‍ഷ്, യു പി എഫ് ചെയര്‍മാന്‍ ഡോ. ചാള്‍സ് എസ് യാങ്ങ്, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, ഡോ. സണ്‍ ജിന്‍ മൂണ്‍ (ഡയറക്ടര്‍ ജനറല്‍- ഫാമിലി ഫെഡറേഷന്‍ ഫോര്‍ വേള്‍ഡ് പീസ് ആന്‍ഡ് യൂനിഫിക്കേഷന്‍), മുന്‍ പ്രധാനമന്ത്രി എച്ച് ഇ മാധവ് കുമാര്‍, ഭഗത് സിംഗ് കോഷ്യാരി (എം പി) തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബേങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 812 കിലോമീറ്റര്‍ മാരത്തണ്‍ ഓടി യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറായ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ അംബാസഡറായി തിരഞ്ഞെടുത്തത്.