അസാന്‍ജെയെ ലണ്ടനില്‍ ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍

Posted on: March 14, 2015 5:23 am | Last updated: March 13, 2015 at 11:24 pm
SHARE

സ്റ്റോക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയാന്‍ അസാന്‍ജെയെ ലണ്ടനില്‍ വെച്ച് ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍. ലൈംഗികാരോപണ കേസുകളില്‍ അഞ്ച് വര്‍ഷത്തോളമായി തുടരുന്ന സ്തംഭനം ഇതോടെ അവസാനിക്കാന്‍ സാധ്യതയേറി. ലണ്ടനിലെ ഇക്വഡ്വോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുന്ന അസാന്‍ജെയെ ചോദ്യം ചെയ്യാന്‍ ലണ്ടനിലേക്ക് പോകാന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആദ്യം വിസമ്മതിച്ചിരുന്നു. ആഗസ്റ്റ് മാസത്തോടെ അസാന്‍ജെക്കെതിരായ കുറ്റാരോപണങ്ങളില്‍ ചിലതിന് നിയമപരമായ ചില നിയന്ത്രണങ്ങള്‍ വരുമെന്നതിനാലാണ് ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയതെന്ന് പ്രോസിക്യൂട്ടര്‍ മാരിയാന്‍ നൈ വിശദീകരിച്ചു. ലണ്ടനിലെത്തി അസാന്‍ജെയുമായി കൂടിക്കാഴ്ച നടത്തിയില്ലെങ്കില്‍ കേസുമായി മുന്നോട്ടുപാകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും നാല് വര്‍ഷത്തോളമായി തങ്ങള്‍ ആവശ്യപ്പെട്ടുവരുന്ന കാര്യമാണിതെന്നും അസാന്‍ജെയുടെ ഒരു അഭിഭാഷകന്‍ പെര്‍ സാമുല്‍സണ്‍ പറഞ്ഞു. 2010ല്‍ സ്വീഡന്‍ സന്ദര്‍ശനത്തിനിടെ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് അസാന്‍ജെക്കെതിരെയുള്ള കേസ്. എന്നാല്‍ ആരോപണങ്ങളെല്ലാം അസാന്‍ജെ നിഷേധിച്ചിരുന്നു.