അങ്കണ്‍വാടി വര്‍ക്കറുടെ ഓണറേറിയം 2000 രൂപയാക്കി ഉയര്‍ത്തും

Posted on: March 14, 2015 5:21 am | Last updated: March 13, 2015 at 11:21 pm
SHARE

തിരുവനന്തപുരം: അങ്കണ്‍വാടി വര്‍ക്കറുടേയും ഹെല്‍പ്പറുടേയും ഓണറേറിയത്തിന്റെ സംസ്ഥാന വിഹിതം പ്രതിമാസം 1,400 രൂപയെന്നത് 2,000 രൂപയായി ഉയര്‍ത്തും. ഇതിനായി 48 കോടി അധികമായി അനുവദിച്ചു. അങ്കണ്‍വാടികളെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, പോഷകാഹാരം, അടിസ്ഥാന ആരോഗ്യപരിപാലനം എന്നിവ നല്‍കുന്ന കേന്ദ്രങ്ങളാക്കും. അവശത അനുഭവിക്കുന്നവര്‍ക്ക് പരിചരണം നല്‍കാന്‍ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കുന്നതിന് ഒരുലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാന്‍ അഞ്ചുകോടി.
അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യനിരീക്ഷണ സംവിധാനം മാനന്തവാടി ബ്ലോക്കിലേക്കും വ്യാപിപ്പിക്കാന്‍ രണ്ട് കോടി. അട്ടപ്പാടിയിലെ കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്താന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രത്യേക പദ്ധതിക്കായി രണ്ടു കോടി. സമഗ്രമായ ഭിന്നശേഷി നയത്തിനു രൂപംനല്‍കും. കണ്ണൂര്‍ ജില്ലയെ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റും. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ പൊതു സ്ഥാപനങ്ങള്‍, റെയില്‍വേ ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രവേശിക്കാനുള്ള റാമ്പ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ക്കാടി 15 കോടി. ഗുരുതരമായ വൈകല്യമുള്ളവര്‍, ഗുരുതര രോഗംബാധിച്ച വിധവകള്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ചെറുകിട ബിസിനസ്സുകള്‍ക്കായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വായ്പനല്‍കുന്ന പദ്ധതി നടപ്പാക്കും. 100 ശതമാനം തൊഴിലുറപ്പാക്കി തൊഴില്‍പരിശീലന തൊഴില്‍ദാന പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പാക്കും.