ജമീലപ്രകാശം കടിച്ചെന്ന് ശിവദാസന്‍ നായര്‍, ആക്ഷേപിച്ചെന്ന് പ്രത്യാരോപണം

Posted on: March 14, 2015 5:18 am | Last updated: March 13, 2015 at 11:20 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി വന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതിനിടെ ജമീല പ്രകാശം എം എല്‍ എ തന്നെ കടിച്ചെന്ന് കോണ്‍ഗ്രസ് എം എല്‍ എ ശിവദാസന്‍ നായര്‍. കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ കൈയാങ്കളിക്കിടെയാണ് എം എല്‍ എമാര്‍ തമ്മിലുള്ള ബലപരീക്ഷണം. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ച തന്റെ വലതു തോളില്‍ കടിക്കുകയായിരുന്നെന്ന് ശിവദാസന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കടിയേറ്റ ഭാഗം അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു. എന്നാല്‍ ജമീല പ്രകാശത്തെ ബലമായി പിടിച്ച് വച്ച ശിവദാസന്‍ നായരില്‍ നിന്ന് പ്രതിരോധിക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷം പറഞ്ഞു.നിയമസഭയിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രശ്‌നമുണ്ടാക്കിയത് ആരാണെന്നറിയാമെന്ന് ശിവദാസന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യ കേരളത്തിന് അപമാനകരമായ സംഭവമാണിതെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. അതേസമയം ജമീലാ പ്രകാശത്തെ ബലമായി തള്ളിയിട്ട ശിവദാസന്‍നായര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷം അറിയിച്ചു.വനിതാ എം എല്‍ എ മാര്‍ക്കെതിരെ മോശം പ്രതികരണമാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ ഭാഗത്തുനിന്നുണ്ടായത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുക വരെ ചെയ്തു. വാച്ച് ആന്റ് വാര്‍ഡിന്റെ ബലത്തില്‍ പ്രതിപക്ഷഅംഗങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താനാണ് ഭരണപക്ഷം ശ്രമിച്ചതെന്നും പ്രതിപക്ഷഅംഗങ്ങള്‍ ആരോപിച്ചു.