ആരോഗ്യ ആനുകൂല്യങ്ങള്‍ ഏകീകരിക്കാന്‍ ട്രസ്റ്റ് രൂപവത്കരിക്കും

Posted on: March 14, 2015 5:15 am | Last updated: March 13, 2015 at 11:15 pm
SHARE

തിരുവനന്തപുരം: ആരോഗ്യ പരിപാലന ആനുകൂല്യങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഒരു പ്രത്യേക ട്രസ്റ്റ് രൂപവത്കരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പുതിയ പദ്ധതിക്ക് ബജറ്റ് പ്രഖ്യാപനം. പദ്ധതി പ്രകാരം കാരുണ്യ സഹായനിധി, ആര്‍ എസ് ബി വൈ, ചിസ്, ചിസ് പ്ലസ്സ്, ആരോഗ്യകിരണം, താലോലം, ക്യാന്‍സറില്‍ നിന്നും കുട്ടികളെ സംരക്ഷിക്കല്‍ മുതലായ ആരോഗ്യ പരിപാലന പദ്ധതികളുടെ ആനുകൂല്യത്തിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കാന്‍ അവയെല്ലാം ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് സമ്പൂര്‍ണ ആരോഗ്യകേരളം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും സ്വീകരിക്കും. ഇതുള്‍പ്പെടെ സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ആരോഗ്യമേഖലക്ക് 665.37 കോടി രൂപ അനുവദിച്ചു. പതിനൊന്ന് ജില്ലകള്‍ക്കും ഈ വര്‍ഷം സ്വന്തമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉണ്ടാകുമെന്നതാണ് മുഖ്യപ്രഖ്യാപനം. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് നേരിട്ട് ചികിത്സ നേടാനുതകുന്ന സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിയും ബ്ജറ്റില്‍ പ്രഖ്യാപിച്ചു. 500 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസഹായവും നല്‍കും.
നിക്ഷേപങ്ങള്‍ വിവിധ പദ്ധതികളില്‍നിന്നും കണ്ടെത്തും. എറണാകുളത്ത് 450 കോടി രൂപ ചെലവുവരുന്ന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആന്വിറ്റി അടിസ്ഥാനത്തില്‍ സ്ഥാപിക്കും. ആരോഗ്യകിരണം പദ്ധതി വിഹിതം 15 കോടിയായി വര്‍ധിപ്പിച്ചു.
ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയാക്കി വര്‍ധിപ്പിക്കുന്നതിന് 6 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിന് 7.10 കോടി രൂപയും സംസ്ഥാനത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 2.5 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ചെലവേറിയ വന്ധ്യതാ ചികിത്സ, അര്‍ഹരായ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയുടെ മാതൃകയില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും ജനനി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയു ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് അഞ്ച് കോടി, കൊല്ലം ജില്ലാ ആശുപത്രിയിലും എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും കാത്ത്‌ലാബ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ, ഇ-ഹെല്‍ത്ത് പദ്ധതിക്ക് ഒരു കോടി, ആര്‍പ്പൂക്കര കുട്ടികളുടെ ആശുപത്രി വികസനത്തിന് രണ്ടുകോടി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ശക്തിപ്പെടുത്തുന്നതിന് 50 ലക്ഷം, കോട്ടയം ഗവ. ഡെന്റല്‍ കോളജില്‍ സ്‌പെഷ്യല്‍ കെയര്‍ ഡെന്റിസ്ട്രി യൂനിറ്റ് സ്ഥാപിക്കുന്നതിന് 16 ലക്ഷം എന്നിവയാണ് മറ്റ് പ്രധാന വകയിരുത്തലുകള്‍.
ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായും കട്ടപ്പന സി എച്ച് സിയെ താലൂക്കാശുപത്രിയായും നെടുങ്കുന്നം ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ആശുപത്രിയായും ഉയര്‍ത്തുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.