പൊതുവിദ്യാഭ്യാസത്തിന് 1074.62 കോടി; നിലവാരമുയര്‍ത്താന്‍ മിഷന്‍ 100 പദ്ധതി

Posted on: March 14, 2015 5:11 am | Last updated: March 13, 2015 at 11:12 pm
SHARE

തിരുവന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ബജറ്റില്‍ 1074. 62 കോടി രൂപ വകയിരുത്തി. 100 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എട്ട് കോടി രൂപ ചെലവില്‍ മിഷന്‍ 100 പദ്ധതി നടപ്പിലാക്കും. കേരളത്തിലെ സര്‍വകലാശാലകളുടെ വികസനത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി 723.53 കോടി രൂപയുടെ സഹായവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജലവിതരണം, വൈദ്യുതി, റോഡുകള്‍, നികുതി ഇളവുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കും.
ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഫീസിന്റെ 25 ശതമാനം പൊതുമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഇത്തരത്തിലുള്ള ഉന്നത വിദ്യാഭ്യാസ മേഖലകള്‍ ആരംഭിക്കുന്നതിന് പരിഗണിക്കും. തിരുവനന്തപുരം വെള്ളനാട്ടെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ജി കാര്‍ത്തികേയന്‍ സ്മാരക സ്‌കൂളെന്ന് നാമകരണം ചെയ്യും. ഇവിടെ പുതിയ ഹൈസ്‌കൂള്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. കേരളത്തെ ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ 15ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസമേള (ജി ഇ എം-2015)ക്ക് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കും. ഒപ്പം സ്‌പെഷ്യല്‍ എക്‌സ്‌പോര്‍ട്ട് പ്രൊസ്സസിംഗ് സോണുകള്‍ക്കുള്ള സൗകര്യങ്ങളും ഇളവുകളും അനുവദിക്കുന്നതിനായി പ്രാരംഭ ഘട്ടമെന്ന നിലയില്‍ ബജറ്റില്‍ 25 കോടി മാറ്റിവെച്ചു. അക്കാദമിക് സിറ്റി അതോറിറ്റിയുടെ രൂപവത്കരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. പാലക്കാട് ഐ ഐ ടിക്ക് ഭൂമി ഏറ്റെടുക്കാനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 50 കോടി അനുവദിച്ച ബജറ്റില്‍ അഡീഷനല്‍ സ്‌കില്‍ പ്രോഗ്രാമി (അസാപ്)നായി 227.48 കോടി വിദേശ സഹായമുള്‍പ്പെടെ 234.68 കൂടി രൂപ മാറ്റി വെച്ചിട്ടുണ്ട്.
എം എല്‍ എമാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ 25 കമ്മ്യൂണിറ്റി പാര്‍ക്കുകള്‍ സ്ഥാപിക്കും, കോട്ടയത്ത് സയന്‍സ് സിറ്റിയില്‍ വിനോദത്തിലൂന്നിയ വിജ്ഞാന പ്രവൃത്തികള്‍ക്ക് 15 കോടിയും മലപ്പുറത്ത് എല്‍ ബി എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് 10 കോടിയും വകയിരുത്തി. സര്‍ക്കാര്‍ കോളജുകളിലെ ലാബുകളുടെയും ലൈബ്രറികളുടെയും വികസനത്തിന് എട്ടുകോടിയും, സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 60 കോടിയും, തിരഞ്ഞെടുത്ത രണ്ട് എന്‍ജിനീയറിംഗ് കോളജുകളില്‍ നാനോ-ബയോടെക്‌നോളജി വിഭാഗങ്ങളില്‍ ഇന്റര്‍ ഡിസിപ്ലിനറി ഡിവിഷനുകള്‍ സ്ഥാപിക്കാന്‍ ഒരു കോടി നീക്കി വെച്ചു.
കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സി ഐ യു പി പദ്ധതിയുടെ ആദ്യഘട്ടത്തിന് ആവശ്യമായ 100 കോടിയില്‍ 25 കോടി രൂപ നീക്കിവെച്ചു. പാലക്കാട് വിക്‌ടോറിയ കോളജിന് ഔഡിറ്റോറിയം സ്ഥാപിക്കാന്‍ രണ്ടുകോടിയും അനുപവദിച്ചിട്ടുണ്ട്.സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഇന്‍ക്വിബേഷന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങുന്നതിന് സര്‍വകലാശാലകള്‍ക്ക് പതിവ് വിഹിതത്തിന് പുറമെ ഒരു കോടി രൂപ വീതം ആകെ 11 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
വിദ്യാര്‍ഥി സംരംഭകര്‍ക്കിടയില്‍ പേറ്റന്റ് നേടുന്നവര്‍ക്ക് പേറ്റന്റിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ നടത്തിപ്പിനായി ബേങ്ക് വായ്പയുടെ പലിശക്ക് അഞ്ചുവര്‍ഷത്തേക്ക് സബ്‌സിഡി നല്‍കും.
പേറ്റന്റ് കരസ്ഥമാക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ ഉന്നതവിദ്യാഭ്യാസത്തിനായോ ഗവേഷണത്തിനായോ പരമാവധി അഞ്ച് വര്‍ഷം വരെ നല്‍കും.