Connect with us

Editorial

സഭാചരിത്ര്രത്തിലെ കറുത്ത അധ്യായം

Published

|

Last Updated

കൊടിയ നാണക്കേടിന്റെയും അപമാനത്തിന്റെയും ദിനമായിരുന്നു കേരള നിയമസഭക്ക് ഇന്നലെ. അഴിമതിയില്‍ മുങ്ങിക്കുളിച്ച മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെയും എന്തുവില നല്‍കേണ്ടിവന്നാലും മാണി തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന ഭരണപക്ഷത്തിന്റെയും പിടിവാശി യുദ്ധസമാനമായ രംഗങ്ങളാണ് സഭയില്‍ സൃഷ്ടിച്ചത്. ഭരണ-പ്രതിപക്ഷ എം എല്‍ എമാര്‍ തമ്മില്‍ ഉന്തും തള്ളും, ഇടതുപക്ഷ വനിതാ അംഗങ്ങള്‍ക്കു നേരെ ഭരണപക്ഷ എം എല്‍ എമാരുടെ കൈയേറ്റം, സ്പീക്കറെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കല്‍, സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും തകര്‍ക്കല്‍ തുടങ്ങി തനി ഗുണ്ടായിസത്തിനാണ് നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഭരണപ്രക്രിയയുടെ സുപ്രധാനഭാഗമായ നിയമനിര്‍മാണ സഭയെ ജനാധിപത്യത്തില്‍ ഏറെ പ്രധാനമായാണ് കാണുന്നത്. സഭയുടെ മഹത്തായ പദവിക്കും സ്ഥാനത്തിനും അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങള്‍ പലപ്പോഴും അംഗങ്ങളില്‍ നിന്നുണ്ടാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്, കേരള നിയമസഭയുടെ പ്രിവിലേജസ് എത്തിക്‌സ് സമിതി അംഗങ്ങള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കിയിരുന്നു. സഭയുടെ നടുക്കളത്തില്‍ ഇറങ്ങരുത്, സഭക്കകത്ത് മുദ്രാവാക്യം വിളിക്കരുത്, സഭക്കുള്ളില്‍വെച്ചു രേഖകള്‍ ചീന്തി എറിയരുത്, സഭക്കുള്ളിലോ പരിസരങ്ങളിലോ സത്യഗ്രഹമോ ധര്‍ണയോ നടത്തരുത്, മറ്റുള്ളവര്‍ക്കു അപകീര്‍ത്തിയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അരുത്, പാര്‍ലമെന്ററി അല്ലാത്ത വാക്കുകള്‍ ഉപയോഗിക്കരുത് തുടങ്ങി സഭാപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന രൂപരേഖയായി വിശേഷിപ്പിക്കപ്പെടുന്ന ഈ ചട്ടങ്ങളുടെയെല്ലാം നഗ്നമായ ലംഘനമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിയമ സഭയില്‍ അരങ്ങേറിയത്.
സഭക്കകത്ത് അംഗങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷയാണ് ഇത്തരം വൃത്തികേടും അവഹേളനവും അതിക്രമവും കാണിക്കാന്‍ അവര്‍ക്ക് ധൈര്യമേകുന്നത്. ജനാധിപത്യ വ്യവസ്ഥിതിയല്‍ നിയമനിര്‍മാണ സഭകള്‍ക്കുള്ള സവിശേഷ സ്ഥാനവും, ജനപ്രതിനിധികളുടെ കൃത്യനിര്‍വഹണ ചുമതലയുടെ പ്രാധാന്യവും പരിഗണിച്ചാണ് ഈ പരിരക്ഷ. അതിനനുസൃതമായ മാന്യവും മാതൃകാപരവുമായ പെരുമാറ്റം തിരിച്ചും അവരില്‍ നിന്നുണ്ടാകേണ്ടതാണ്. മറിച്ചു സഭയുടെ ബഹുമാനവും പവിത്രതയും ഹനിക്കുന്നവിധം ഗുണ്ടായിസവും പോക്കിരിത്തരവുമാണ് അംഗങ്ങള്‍ കാണിക്കുന്നതെങ്കില്‍ അവര്‍ക്കുള്ള പ്രത്യേക പരിരക്ഷ തുടരുന്നതിന്റെ സാംഗത്യത്തെക്കുറിച്ചു ബന്ധപ്പെട്ടവര്‍ ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. ഗുണ്ടകള്‍ക്ക് വിഹരിക്കാനുള്ള വേദിയായി അധഃപതിക്കരുത് നിയമനിര്‍മാണ സഭകള്‍.
സഭയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷവും വിജയം അവകാശപ്പെടുന്നുണ്ട്. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഭീഷണി. ഒരു തുള്ളി ചോരയും ചിന്താതെ ബജറ്റ് അവതരിപ്പിക്കാനായത് തന്റെയും യു ഡി എഫിന്റെയും വിജയമാണെന്നാണ് മാണി വീമ്പ് പറയുന്നത്. എന്നാല്‍ സ്പീക്കര്‍ ഡയസിലെത്താതെയും സഭാചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയുമാണ് ഇന്നലെ ബജറ്റ് അവതരണം നടന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയല്‍ ബജറ്റിന്റെ ആദ്യ പേജ് മാത്രം വായിച്ചു അത് സഭയില്‍ വെച്ച ശേഷം മീഡിയാ റൂമില്‍ ഇരുന്നാണ് ബാക്കി ഭാഗം വായിച്ചുപൂര്‍ത്തിയാക്കിയത്. പ്രതീകാത്മകമായ ഇത്തരമൊരു ബജറ്റ് അവതരണത്തിന് എത്രത്തോളം സാധുത ഉണ്ടെന്നതില്‍ നിയമ വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ്.
നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് ഇന്നലെ സഭയില്‍ അരങ്ങേറിയ ഗുണ്ടായിസത്തെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. സാംസ്‌കാരിക കേരളത്തിന് ദുഷ്‌പേരും മാനക്കേടും വരുത്തി വെച്ച ഈ സംഭവങ്ങള്‍ക്ക് പ്രതിപക്ഷമെന്ന പോലെ ഭരണപക്ഷവും ഉത്തരവാദികളാണ്. ബാര്‍ കോഴക്കേസിലെ പ്രതിയാണ് കെ എം മാണി. ഈ സര്‍ക്കാറിനു കീഴിലുള്ള പൂജപ്പുര വിജിലന്‍സ് സെല്‍ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ബജറ്റവതരണത്തില്‍ നിന്ന് മാണി മാറി നില്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മാണിയും യു ഡി എഫും അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നലത്തെ സംഭവങ്ങള്‍ ഒഴിവാക്കായിരുന്നു. രാഷ്ട്രീയ ധാര്‍മികതയും അതായിരുന്നു. മറിച്ചു ഇതൊരു അഭിമാന പ്രശ്‌നമായി കണ്ടു എന്തു വില നല്‍കിയും മാണി തന്നെ ബജറ്റവതരിപ്പിക്കണമെന്ന തീരുമാനം അവിവേകമായിപ്പോയി. അതേസമയം മാണിയുടെ ബജറ്റവതരണം തടയാന്‍ നിയമസഭയെ യുദ്ധക്കളമാക്കി മാറ്റിയ പ്രതിപക്ഷത്തിന്റെ നിലപാട് അതിലുപരി അവിവേകവും മാപ്പര്‍ഹിക്കാത്തതുമാണ്. സോളാര്‍ തട്ടിപ്പുമായിബന്ധപ്പെട്ടു മുമ്പ് നടത്തിയ നിയമസഭാ ഉപരോധത്തിന്റ ദയനീയ പരാജയത്തിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന പഴിയും ദുഷ്‌പേരുമായരിക്കണം മാണിയെ തടയാന്‍ ഏതറ്റം വരെ പോകണമെന്ന വാശിയിലേക്ക് അവരെ എത്തിച്ചത്. എന്നിട്ടും പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിച്ചതുമില്ല. ഇനിയെങ്കിലും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് അതിന്റെ വരുംവരായ്കകളെക്കുറിച്ചു അവധാനപൂര്‍വം ചിന്തിക്കാനുള്ള വിവേകം പ്രതിപക്ഷം കാണിച്ചെങ്കില്‍.