അരുണ്‍ ജെയ്റ്റ്‌ലിയുടെ വഴിയെ വന്‍കിടക്കാര്‍ക്ക് വേണ്ടി

Posted on: March 14, 2015 5:55 am | Last updated: March 13, 2015 at 11:07 pm
SHARE

G dfffവന്‍കിടക്കാരെ സഹായിച്ചും സാധാരണക്കാരന്റെ വയറ്റത്തടിച്ചും മന്ത്രി കെ എം മാണിയുടെ 13-ാം ബജറ്റ്. സുസ്ഥിര വികസനവും സാധാരണക്കാരന് പരിഗണനയും അവകാശപ്പെടുന്ന യു ഡി എഫ് സര്‍ക്കാര്‍ വന്‍കിടക്കാരെ സഹായിക്കുന്ന കാര്യത്തില്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്റെ അതേ പാതയാണ് സ്വീകരിച്ചത്. വ്യക്തിഗത പ്ലാന്റേഷന്‍ നികുതി ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുകയും അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ വന്‍കിടക്കാരെ കൈവിട്ട് സഹായിക്കുകയും സാധാരണക്കാരന് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന നികുതി നിര്‍ദേശങ്ങളാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപോലെ അനധികൃതമായി നെല്‍വയല്‍ തണ്ണീര്‍ത്തട കൈയേറ്റത്തിന് നിയമപരിരക്ഷ നല്‍കുന്നതിലൂടെയും വന്‍കിലടക്കാരെ സഹായിക്കുന്ന നിലപാടാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം വരുന്നതിന് മുമ്പുള്ള നികത്തല്‍ എന്ന പരിഗണന നല്‍കിയാണ് ചൂഷണത്തിന് നിയമപരിരക്ഷ നല്‍കുന്നത്. ഇത് വന്‍തോതില്‍ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഇളവ് ഉപയോഗിച്ച് വന്‍തോതില്‍ നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ വഴിയൊരുക്കുകയാണ് ബജറ്റ് നിര്‍ദേശം.
മാത്രമല്ല, സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂചി, റവ എന്നിവക്ക് അഞ്ചു ശതമാനവും നികുതി വര്‍ധിപ്പിച്ചിരിക്കുകയാണ് ബജറ്റ്. ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനക്ക് വഴിയൊരുക്കുന്ന തരത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം അധിക നികുതി ഏര്‍പ്പെടുത്തി. ഇതുവഴി 375 കോടി രൂപയാണ് അധികമായി ഖജനാവിലെത്തുക. പഞ്ചസാരക്ക് രണ്ടുശതമാനം നികുതി വര്‍ധനയിലൂടെ 100 കോടിയും വെളിച്ചെണ്ണയുടെ ഒരു ശതമാനം നികുതി വര്‍ധനയിലൂടെ 50 കോടിയും ഖജനാവിലേക്കെത്തിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നുണ്ട്. കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 20 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു ലക്ഷം വരെ വിലവരുന്ന മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി എട്ടുശതമാനമായും രണ്ടുലക്ഷത്തിന് മുകളില്‍ വിലയുള്ളവയുടെ നികുതി പത്തു ശതമാനവുമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.