‘അറബി മലയാളം സംസ്‌കാരവും സാഹിത്യവും’ സെമിനാര്‍ 17ന്

Posted on: March 14, 2015 5:54 am | Last updated: March 13, 2015 at 10:55 pm
SHARE

മലപ്പുറം: ‘അറബിമലയാളം സംസ്‌കാരവും സാഹിത്യവും’ എന്ന വിഷയത്തില്‍ മലയാളസര്‍വകലാശാല ഈ മാസം 17ന് വാക്കാട് അക്ഷരം ക്യാമ്പസില്‍ സെമിനാര്‍ നടത്തുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുമായി സഹകരിച്ചാണ് സെമിനാര്‍.
രാവിലെ 10 മണിക്ക് രംഗശാലയില്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ സി പി സെയ്തലവി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഭാഷാ ശാസ്ത്രം പ്രൊഫസര്‍ ഡോ. എം ശ്രീനാഥന്‍ മുഖ്യപ്രഭാഷണം നടത്തും.
മാപ്പിളകലാ അക്കാദമി വൈസ് ചാന്‍സലര്‍ എ കെ അബ്ദുര്‍റഹ്മാന്‍, സെക്രട്ടറി ആസാദ് വണ്ടൂര്‍, മലയാളസര്‍വകലാശാല രജിസ്ട്രാര്‍ കെ വി ഉമര്‍ ഫാറൂഖ് സംസാരിക്കും. രണ്ട് സെഷനുകളായാണ് സെമിനാര്‍. ഒന്നാം സെഷനില്‍ ‘അറബിമലയാള സാഹിത്യം ഉദ്ഭവവും വളര്‍ച്ചയും’ എന്നതാണ് വിഷയം. ‘അറബിമലയാളവും സാംസ്‌കാരിക ബഹുസ്വരതയും’ – പ്രൊഫ. രാജേന്ദ്രന്‍ എടത്തുംകര, ‘അറബിമലയാളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം’ – കെ അബൂബക്കര്‍, ‘അറബിമലയാളവും മാപ്പിളപ്പാട്ട് ജനുസ്സുകളും’- ഡോ. ഉമര്‍ തറമേല്‍, ‘അറബിമലയാളവും സാഹിത്യചരിത്രവും’- ഡോ. വി ഹിക്മത്തുല്ല. ‘അറബിമലയാളം ഭാഷാസവിശേഷതകള്‍’- ഡോ. സി സെയ്തലവി എന്നിങ്ങനെ വിഷയാവതരണം നടക്കും. സെഷന്‍ രണ്ട് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം’ എന്ന വിഷയത്തെക്കുറിച്ചാണ്. ‘മലപ്പുറം പടപ്പാട്ട് കേരളചരിത്രത്തില്‍ ഇടപെടുന്നവിധം’- ഡോ. കെ കെ അബ്ദുസ്സത്താര്‍, ‘വൈദ്യര്‍ കവിതകളിലെ ഗാനാത്മകത’- വി എം കുട്ടി, ‘ചരിത്രത്തിന്റെ കേരളവത്കരണം: വൈദ്യര്‍ കവിതകളില്‍’ എ പി അഹമ്മദ് എന്നിങ്ങനെ വിഷയങ്ങള്‍ അവതരിപ്പിക്കും.