Connect with us

Kerala

അങ്കക്കളമായി സഭാതലം; സ്പീക്കറുടെ കസേര പറന്നു!

Published

|

Last Updated

തിരുവനന്തപുരം: മുണ്ടും മടക്കി കുത്തി ഡസ്‌ക്കില്‍ കയറി വെല്ലുവിളിക്കുന്നവര്‍, പറന്ന് പോകുന്ന സ്പീക്കറുടെ കസേര, മുദ്രാവാക്യത്തിന് മേമ്പൊടിയായി എടാപോടാ വിളികള്‍, കൈയാങ്കളി, സാമാജികരുടെ രണ്ടിരട്ടി വാച്ച് ആന്റ് വാര്‍ഡ്, നാണക്കേട് കൊണ്ട് ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഇന്നലെ സഭാതലം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് പ്രതിപക്ഷവും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സര്‍ക്കാറും നിലപാടെടുത്തതോടെ എന്തും സംഭവിക്കുമെന്ന പ്രതീതി വ്യാഴാഴ്ച മുതല്‍ തന്നെയുണ്ടായിരുന്നു.

എന്നാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് ആരും കണക്ക് കൂട്ടിയതുമില്ല. മാണിയെ തടയാനുള്ള ഏത് ശ്രമവും ചെറുക്കാന്‍ സര്‍ക്കാര്‍ പഴുതടച്ച സംവിധാനമാണ് ഒരുക്കിയത്. കൃത്യസമയത്ത് സഭയിലെത്തിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ ക്രമീകരണവുമുണ്ടാക്കി.
എന്നാല്‍, ഭരണപക്ഷത്തിന്റെ ഫ്‌ളോര്‍ മാനേജ്‌മെന്റും പ്രതിരോധവും അട്ടിമറിച്ച് കൊണ്ടായിരുന്നു സ്പീക്കറെ തടഞ്ഞു കൊണ്ടുള്ള പ്രതിപക്ഷ നീക്കം. വ്യാഴാഴ്ച സഭയില്‍ തന്നെ അന്തിയുറങ്ങിയ പ്രതിപക്ഷ എം എല്‍ എമാര്‍ പുലര്‍ച്ചെ തന്നെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നടത്തി അഞ്ച് മണിയോടെ സഭയില്‍ ഹാജരായി.
പുറത്തെ പ്രതിഷേധം വകഞ്ഞ് മാറ്റിയെത്തുക ദുഷ്‌കരമാകുമെന്ന് കണ്ടതോടെ നിയമസഭാ മന്ദിരത്തില്‍ തന്നെയാണ് കെ എം മാണി രാത്രി ഉറങ്ങിയിരുന്നത്. ഭരണപക്ഷത്തെ എം എല്‍ എമാരും രമേശ് ചെന്നിത്തലയടക്കമുള്ള മന്ത്രിമാരും പുലര്‍ച്ചെ അഞ്ച് മണിയോടെ തന്നെ സഭയില്‍ ഹാജര്‍.
പ്രതിപക്ഷത്തിന്റെ ഓരോ നീക്കങ്ങളും മനസ്സിലാക്കി പ്രതിരോധം ഒരുക്കുകയായിരുന്നു ഭരണപക്ഷം. ആറ് മണിയോടെ നടുത്തളത്തില്‍ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. വനിതാ എം എല്‍ എമാര്‍ കെ എം മാണിയുടെ ഇരിപ്പിടത്തിന് മുന്നിലായി നിലയുറപ്പിച്ചു. വനിതകളെ ഉപയോഗിച്ച് ബജറ്റ് പ്രസംഗം പിടിച്ചെടുക്കുമെന്ന് കണ്ടതോടെ ബജറ്റ് അവതരണം രണ്ടാം നിരയില്‍ മതിയെന്ന് ഭരണപക്ഷം തീരുമാനിച്ചു. ഇതിനായി സി എന്‍ ബാലകൃഷ്ണന്റെയും മാണിയുടെയും ഇരിപ്പിടം പരസ്പരം മാറ്റാന്‍ സ്പീക്കര്‍ക്ക് എഴുതി നല്‍കി.
നിയമസഭയിലേക്കുള്ള വാതിലുകളുടെ നിയന്ത്രണം വാച്ച് ആന്റ് വാര്‍ഡിനെ ഏല്‍പ്പിച്ചു. സമയം 8.40 ആയതോടെയാണ് പ്രതിഷേധത്തിന് ചൂട് പിടിച്ചത്. പൊടുന്നനെ മിന്നല്‍ വേഗത്തില്‍ ഒരു വിഭാഗം എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറിയത് ഭരണപക്ഷത്തെ ഞെട്ടിച്ചു. ഇങ്ങിനെയൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനൊപ്പം തന്നെ മന്ത്രിമാര്‍ വരുന്ന വാതിലിലും പ്രതിരോധം തീര്‍ത്തതോടെ സഭയിലേക്ക് കൂടുതല്‍ വാച്ച് ആന്റ് വാര്‍ഡ് എത്തി. എന്തും സംഭവിക്കുമെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. സ്പീക്കറുടെ ഇരിപ്പിടം വലിച്ച് താഴെ തള്ളിയിട്ടു. സ്പീക്കറുടെ ഡയസിലും ഭരണപക്ഷ നിരക്ക് മുന്നിലും ഒരേസമയം സംഘര്‍ഷം രൂപപ്പെട്ടു. വനിതാ എം എല്‍ എമാര്‍ മാണിയുടെ ഇരിപ്പിടത്തിലേക്ക് കയറാന്‍ ശ്രമിച്ചതും കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ നീക്കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഒഴികെ മുഴുവന്‍ പേരും പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലേക്ക് നീങ്ങി. വി എസ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് പ്രതിഷേധത്തെ പിന്തുണച്ചു. കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, മാത്യു ടി തോമസ് തുടങ്ങി മുതിര്‍ന്നവരെല്ലാം ഓരോ ഭാഗങ്ങളിലായി നേതൃത്വം നല്‍കി.
സ്പീക്കറെ ഡയസിലേക്ക് കടത്തിവിടാനും പ്രതിപക്ഷം തയാറായില്ല. ആംഗ്യത്തിലൂടെയാണ് സ്പീക്കര്‍ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
മാണിയെ തടയാന്‍ അഞ്ചംഗ യുവ എംഎല്‍എമാരുടെ സംഘത്തെയും പ്രതിപക്ഷം രംഗത്തിറക്കി. വി ശിവന്‍കുട്ടി എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വി എസ് സുനില്‍കുമാര്‍, പി ശ്രീരാമകൃഷ്ണന്‍, ടി വി രാജേഷ്, ജയിംസ് മാത്യു എന്നിവരെയാണ് അണിനിരത്തിയിരുന്നത്. ഒരു വിധത്തില്‍ ബജറ്റ് അവതരിപ്പിച്ചതോടെ ലഡു വിതരണം നടത്തി ഭരണപക്ഷവും ആഹ്ലാദാരവങ്ങള്‍ മുഴക്കി.