മൂന്ന് ഇന്‍ഫോ പാര്‍ക്കുകളില്‍ പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍

Posted on: March 14, 2015 5:45 am | Last updated: March 13, 2015 at 10:45 pm
SHARE

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനത്തെ മൂന്ന് ഇന്‍ഫോപാര്‍ക്കുകളില്‍ പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
കോഴിക്കോട്, തൃശൂര്‍, കൊച്ചി ഇന്‍ഫോപാര്‍ക്കുകളിലാണ് പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ അനുവദിച്ചത്. ഇതോടൊപ്പം പോലീസ് സേനക്ക് പദ്ധതിയേതര വിഹിതമായി 3042.63 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.
പോലീസ് സേനയുടെ ആധുനികവത്കരണത്തിന് പ്രത്യേക പരിഗണന നല്‍കുന്ന ബജറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും പൊതുസേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും 26.50 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
ആധുനിക ഹൈബ്രിഡ് ഫയര്‍ ട്രെന്‍ഡുകള്‍ നിലവിലുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ സാറ്റലൈറ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ സ്ഥാപിക്കും. വിജിലന്‍സ് ഇടുക്കി യൂനിറ്റ് ഓഫീസ് കെട്ടിടത്തിന് മൂന്നുകോടിയും, നീതിന്യായ വകുപ്പിന് പതിവ് വിഹിതത്തിന് പുറമെ മാതൃകാ കോടതികള്‍ സ്ഥാപിക്കുന്നതിനും, ഹൈക്കോടതിയില്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിനും മൂന്നുകോടി നീക്കി വെച്ചു. ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ എഴുതിയതിന്റെ സ്മരണക്കായി പരപ്പനങ്ങാടിയില്‍ രണ്ടുകോടി ചെലവില്‍ മുന്‍സിഫ് കോടതി സമുച്ചയം സ്ഥാപിക്കും. കട്ടപ്പനയിലെ കോടതി സമുച്ചയത്തിനും രണ്ട്‌കോടി നീക്കിവെച്ചിട്ടുണ്ട്.