ഇന്ത്യയില്‍ അഞ്ചു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

Posted on: March 13, 2015 8:43 pm | Last updated: March 13, 2015 at 8:43 pm
SHARE

Pradeep Panicker, Executive Vice President and Chief Commercial Officer,...ദുബൈ: 2018 ഓടെ ഇന്ത്യയില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ വത്കരിക്കുമെന്ന് ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എക്‌സി. വൈസ് പ്രസിഡന്റ് പ്രദീപ് പണിക്കര്‍ വ്യക്തമാക്കി. ദുബൈ രാജ്യാന്തര താമസ-കുടിയേറ്റ വകുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള നിര്‍മാതാക്കളായ ജി എം ആര്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് പ്രദീപ് പണിക്കരാണ്. ജെയ്പൂര്‍, അഹ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളാണ് സ്വകാര്യ വത്കരണത്തിലേക്കു വരുന്നത്. ഇന്ത്യയില്‍ വിമാനത്താവള ആധുനികവല്‍ക്കരണം വ്യാപകമാണ്. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൂടെ ജി എം ആര്‍ ഗ്രൂപ്പാണ് മിക്കയിടത്തും നിര്‍മാണവും നവീകരണവും നടത്തുന്നത്.
ഡല്‍ഹി, ഹൈദരബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജി എം ആറിനാണ്. ഹൈദരബാദില്‍ ഒമ്പത് വര്‍ഷം കൊണ്ട് രണ്ടരയിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ധനവുണ്ട്. 3.70 കോടി യാത്രക്കാരാണ് എത്തിയത്. ഡല്‍ഹിയില്‍ ജി എം ആറിന് 54 ശതമാനം ഉടമസ്ഥാവകാശമുണ്ട്. ലോകത്ത് വ്യോമ മേഖല കമ്പോളത്തില്‍ ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക്. 2020 ഓടെ മൂന്നാം സ്ഥാനത്തെത്തും. 33.6 കോടി ആഭ്യന്തരയാത്രക്കാരും 4.1 കോടി രാജ്യാന്തര യാത്രക്കാരും ഉണ്ടാകും. ഡല്‍ഹി മുംബൈ വിമാനത്താവളങ്ങളാണ് ഏറ്റവും വലുത്. മുംബൈയിലാണ് യാത്രക്കാര്‍ കൂടുതല്‍.
ഭരണകൂടം 1210 കോടി രൂപ വിമാനത്താവളത്തിനുവേണ്ടി ചെലവു ചെയ്യും. ഇത്ര തന്നെ സ്വകാര്യ മേഖലയും നിക്ഷേപിക്കും. മിക്ക വിമാനത്താവളങ്ങളും സ്വകാര്യവല്‍കരിക്കപ്പെടും.
അടുത്ത 20 വര്‍ഷത്തിനകം 1,600 ഓളം ബോയിംഗ് വിമാനങ്ങള്‍ ഇന്ത്യയിലെത്തും. ഇതിന് 20,500 കോടി രൂപ വിലമതിക്കുമെന്നും പ്രദീപ് പണിക്കര്‍ പറഞ്ഞു.