Connect with us

Gulf

ദുബൈ വിമാനത്താവളങ്ങളില്‍ 2030 ഓടെ 20 കോടി യാത്രക്കാര്‍; നിലവില്‍ പ്രതിദിനം 1.92 ലക്ഷം പേര്‍

Published

|

Last Updated

ദുബൈ: ദുബൈ വിമാനത്താവളങ്ങളില്‍ 2030 ഓടെ 20 കോടി യാത്രക്കാര്‍ എത്തുമെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് സി ഇ ഒ പോള്‍ ഗ്രിഫ്ത്‌സ് അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2020 ഓടെ 12.6 കോടി യാത്രക്കാര്‍ എത്തുമെന്നതാണ് ഇപ്പോഴത്തെ നിഗമനം. അതേ സമയം അടിസ്ഥാന സൗകര്യങ്ങള്‍ ഇനി വര്‍ധിപ്പിക്കേണ്ടതില്ല. പക്ഷേ, യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ രീതികള്‍ അവലംബിക്കേണ്ടതുണ്ട്. പോള്‍ ഗ്രിഫ്ത് പറഞ്ഞു. ദുബൈ രാജ്യാന്തര താമസ കുടിയേറ്റ (ബിയോണ്ട് ദി ബോര്‍ഡര്‍) സമ്മേളനത്തില്‍, ഭാവി കെട്ടിപ്പടുക്കല്‍ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന വിമാനത്താവളമാണ് ദുബൈയിലേത്. ഇതിനുപുറമെ വേള്‍ഡ് സെന്‍ട്രലില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം പണി കഴിപ്പിച്ചിട്ടുണ്ട്. നിലവില്‍ 50 മുതല്‍ 70 വരെ ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 2014ല്‍ 8.45 ലക്ഷം യാത്രക്കാര്‍ ഇവിടെയെത്തി.
രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 22 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളും. ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 3,200 കോടി ഡോളര്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് അനുവദിച്ചത്. അടുത്ത ആറോ എട്ടോ വര്‍ഷത്തിനകം 12 കോടി യാത്രക്കാര്‍ക്ക് ഇത് ഗുണകരമാകും. നിലവിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ പത്തിരട്ടി വലുപ്പത്തിലാണ് മക്തൂം രാജ്യാന്തര വിമാനത്താവളം നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ വലിയ വിമാനത്താവളമായിരിക്കും.
രാജ്യാന്തര വിമാനത്താവളത്തില്‍ 780 കോടി ഡോളറിന്റെ വികസനമാണ് വരുന്നത്. ഇവിടെ ഏഴുകോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.1 ശതമാനം വര്‍ധനവുണ്ട്. ഈ വര്‍ഷം 7.9 കോടി യാത്രക്കാരെത്തും.
യാത്രക്കാരുടെ അനുഭവം, വിമാനങ്ങള്‍, വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍, സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ദുബൈയുടെ ആഭ്യന്തരോല്‍പാദനത്തിന് വ്യോമ മേഖല 27 ശതമാനം സംഭാവന നല്‍കി. 2670 കോടി ഡോളറാണ് ദുബൈക്ക് നേടിക്കൊടുത്തത്. ദുബൈയിലെ തൊഴിലെടുക്കുന്നവരില്‍ 27 ശതമാനം വ്യോമ ഗതാഗത മേഖല ചുറ്റിപ്പറ്റിയാണ്. 2030 ഓടെ സംഭാവന 8,800 കോടി ഡോളറിന്റേതാകും.
പ്രതിദിനം 1.92 ലക്ഷം പേര്‍ ദുബൈ വിമാനത്താവളങ്ങളില്‍ എത്തുന്നു. 980 വിമാനങ്ങളാണ് വന്നു പോകുന്നത്. പത്തു വര്‍ഷം മുമ്പ് ലോകത്ത് 44-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഈ വര്‍ഷം കോണ്‍കോഴ്‌സ് “ഡി”തുറക്കും. 17 പുതിയ കവാടങ്ങള്‍ ആരംഭിക്കും. ടെര്‍മിനല്‍ ഒന്നില്‍ ഓട്ടോമാറ്റഡ് പീപ്പിള്‍ മൂവര്‍ ഒരുക്കും- പോള്‍ ഗ്രിഫ്ത്‌സ് പറഞ്ഞു.

Latest