ആസിഡ് ആക്രമണത്തില്‍ മൂന്നു വയസുകാരന് കാഴ്ച നഷ്ടപ്പെട്ടു

Posted on: March 13, 2015 6:00 pm | Last updated: March 13, 2015 at 6:50 pm
SHARE

ഷാര്‍ജ: വീട്ടു വേലക്കാരിയുടെ ആസിഡ് ആക്രമണത്തില്‍ മൂന്നു വയസുള്ള സ്വദേശി ബാലന് കാഴ്ച നഷ്ടപ്പെട്ടു. വീട്ടുവേലക്കാരി കുട്ടിയുടെ കൈകാലുകളിലും മുഖത്തും ആസിഡ് അടങ്ങിയ വസ്തു സ്േ്രപ ചെയ്യുകയായിരുന്നുവെന്ന് സ്വദേശി കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
ആക്രമണത്തില്‍ കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിട്ടുണ്ട്. വീട്ടുവേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കള്‍ വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉമര്‍ എന്ന മൂന്നു വയസുള്ള കുട്ടിയെ വീട്ടുവേലക്കാരി മുഖം കഴുകിക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് കൊണ്ടുപോയി ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് മാതാവ് ഓടിയെത്തിയപ്പോള്‍ കാഴ്ച കണ്ട് ബോധക്ഷയമുണ്ടായെന്നും കുടുംബ വൃത്തങ്ങള്‍ പറഞ്ഞു. ബാലന്‍ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വീട്ടുവേലക്കാരിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ നാലു വര്‍ഷമായി സ്വദേശി കുടുംബത്തിനൊപ്പം നില്‍ക്കുന്ന വീട്ടുവേലക്കാരിയാണ് ആക്രമണം നടത്തിയത്. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ കണ്ണിന് പഌസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കണ്‍പോളകള്‍ പൊള്ളലേറ്റ് ഉരുകിയതിനാല്‍ ഇമ അടക്കാന്‍ സാധിക്കാത്ത സ്ഥിതിയിലായതാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. കുട്ടിയെ കാണാന്‍ വന്ന ബന്ധുവായ അഞ്ചു വയസുകാരന്‍ കരച്ചില്‍ നിര്‍ത്തുന്നില്ലെന്ന് കുടുംബ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മൂന്നു മാസം പ്രായമുള്ളപ്പോള്‍ സ്വദേശി കുടുംബം ദത്തെടുത്ത കുട്ടിയാണ് കെ ജി വണ്ണില്‍ പഠിക്കുന്ന ഉമറെന്ന് ബന്ധുവായ സ്ത്രീയും വെളിപ്പെടുത്തി. അതേ സമയം 25 കാരിയായ വീട്ടുവേലക്കാരി സംഭവം നിഷേധിച്ചു. കുട്ടി സ്വയം ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.