Connect with us

Gulf

ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് യു എ ഇയിലേത്

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യം യു എ ഇയാണെന്ന് രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയുടെ പഠനം. ഏറ്റവും വേഗത്തിലും എളുപ്പത്തിലും നികുതി അടക്കാന്‍ സാധിക്കുന്ന രാജ്യവുമാണ് യു എ ഇ. ജി സി സിയില്‍ നിന്നു ഖത്തറും ഈ നേട്ടത്തിന് അര്‍ഹമായിട്ടുണ്ട്. പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് ആണ് പഠനം നടത്തിയത്. ജി സി സിയില്‍ നിന്ന് മൂന്നാം സ്ഥാനത്തായി സഊദി അറേബ്യയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. വ്യക്തികള്‍ക്ക് യു എ ഇ നികുതി ചുമത്തുന്നില്ലെങ്കിലും ബേങ്കുകള്‍ക്കും എണ്ണ കമ്പനികള്‍ക്കുമെല്ലാം രാജ്യത്ത് നികുതി നിലവിലുണ്ട്. വാര്‍ഷിക വാടകക്ക് മുകളില്‍ അഞ്ചു ശതമാനവും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനവും വിദേശ ബേങ്കുകളിലെ നിക്ഷേപത്തിന് 20 ശതമാനവും ഹോട്ടലുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് അഞ്ചു ശതമാനവുമാണ് നികുതി ഘടന.

രാജ്യത്ത് കോര്‍പറേറ്റ് ടാക്‌സ് നടപ്പാക്കുന്നത് പരിഗണിക്കുന്നതായി സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി യൂനുസ് ഹജ്ജ് അല്‍ ഖൂരി അടുത്തിടെ പറഞ്ഞിരുന്നു. ഇത് നടപ്പാക്കുകയാണെങ്കില്‍ സംഭവിക്കാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് സാമ്പത്തിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നികുതി ഘടന കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ വാറ്റ്(വാല്യു ആഡെഡ് ടാക്‌സ്) നടപ്പാക്കുന്നത് 2007 മുതല്‍ ജി സി സി രാജ്യങ്ങള്‍ സജീവമായി പരിഗണിക്കുന്ന വിഷയമാണ്. ഇത് നടപ്പാക്കാനായാല്‍ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ സര്‍ക്കാരുകള്‍ കരുതുന്നത്.

Latest