ജനാധിപത്യ സമൂഹം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടുന്ന സംഭവം: ചെന്നിത്തല

Posted on: March 13, 2015 5:43 pm | Last updated: March 13, 2015 at 10:33 pm
SHARE

chennithalaതിരുവനന്തപുരം: ഒരു ജനാധിപത്യ സമൂഹം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സംഭവ വികാസങ്ങളാണ് ഇന്ന് കേരള നിയമ സഭയില്‍ അരങ്ങേറിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാ പാര്‍ലമെന്ററി മര്യാദകളേയും പിച്ചി ചീന്തിയെറിഞ്ഞ പ്രതിപക്ഷം, സ്പീക്കറെ ആക്രമിക്കുകയും, അദ്ദേഹത്തിന്റെ ഇരിപ്പിടം എടുത്ത് എറിയുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാടത്തം, ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമ നിര്‍മ്മാണ സഭയില്‍ അരങ്ങേറുന്നത്. അനാഥമായി കിടന്ന ആ സ്പീക്കറുടെ ഇരിപ്പിടം, എല്ലാ ജനാധിപത്യ വിശ്വാസികളൂടേയും മനസ്സില്‍, ഒരിക്കലും മായാത്ത നീറുന്ന ഓര്‍മയായി അവശേഷിക്കും. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ദീപ്തമായ ഓര്‍മ്മകള്‍ നിലനില്ക്കുന്ന ഒരു വേദിയില്‍, ഒരു വേളയില്‍, പ്രതിപക്ഷം ചെയ്തത്, മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹം എന്നവകാശപ്പെടുന്ന നമ്മള്‍ക്ക് ഒരുമിച്ച് തലകുനിക്കാം. നമ്മുടെ ജനാധിപത്യ ബോധം, ഉയര്‍ത്ത് എഴുന്നേറ്റ് ഈ ജനാധിപത്യ വിരോധികള്‍ക്കെതിരെ പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.