പ്രിയ പിള്ളയുടെ സഞ്ചാര സ്വാതന്ത്ര്യ നിഷേധം അംഗീകരിക്കില്ല; ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണം- ഹൈക്കോടതി

Posted on: March 13, 2015 6:00 am | Last updated: March 13, 2015 at 12:31 am
SHARE

ന്യൂഡല്‍ഹി: പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി അവര്‍ക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണമെന്ന് ഉത്തരവിട്ടു. പ്രിയ പിള്ളയുടെ പാസ്‌പോര്‍ട്ടിലെ ‘ഓഫ് ലോഡ്’ മുദ്ര എടുത്തുനീക്കാനും കോടതി നിര്‍ദേശം നല്‍കി.
സഞ്ചാര സ്വാതന്ത്ര്യം പൗരന്റെ മൗലിക അവകാശമാണ്. വികസന നയങ്ങളില്‍ പൗരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അത് ആവിഷ്‌കരിക്കുന്നത് തടയാന്‍ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നത് പരിഷ്‌കൃത രാഷ്ട്രങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് രാജീവ് ശേഖര്‍ നിരീക്ഷിച്ചു. ജനാധിപത്യത്തില്‍ എതിരഭിപ്രായം പറയുന്നവരുടെ വായ് മൂടിക്കെട്ടാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്ന് പ്രിയ പിള്ളയുടെ പേരു നീക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി)യാണ് അവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ലണ്ടനില്‍ നടക്കുന്ന പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പ്രിയ പിള്ളയെ ജനുവരി 11നാണ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനന പദ്ധതിയെയും ആദിവാസി വിഭാഗങ്ങളുടെ അവകാശത്തെയും കുറിച്ച് ബ്രിട്ടീഷ് എം പിമാര്‍ക്ക് മുന്നില്‍ പ്രഭാഷണം നടത്താന്‍ പോകുകയായിരുന്നു അവര്‍. അവര്‍ക്കെതിരെ ഒഫ്‌ലോഡിംഗ് നടപടിയെടുത്ത ഉദ്യോസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രിയ പിള്ളക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും ബഞ്ച് അനുവദിച്ചില്ല. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാര്‍ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്ന് കാണിച്ച് പ്രിയ പിള്ള സമര്‍പ്പിച്ച ഹരജി ഫെബ്രുവരി 19ന് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ ശക്തമായി ന്യായീകരിച്ചു. അവര്‍ ലണ്ടന്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുന്നത് രാഷ്ട്ര താത്പര്യത്തിന് എതിരാണെന്ന് അദ്ദേഹം വാദിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ട സംഘടനയാണ് അവര്‍ക്ക് യാത്രാക്കൂലി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് ആണ് പ്രിയക്ക് വേണ്ടി ഹാജരായത്.