ആശങ്കയുടെ മുള്‍മുന; കൊടുങ്കാറ്റ് വീശുമോ?

Posted on: March 13, 2015 5:57 am | Last updated: March 12, 2015 at 11:58 pm
SHARE

niyamasabaതിരുവനന്തപുരം: ബജറ്റ് ഇന്നാണെങ്കിലും തീയും പുകയും ഇന്നലെ തുടങ്ങി. സഭക്ക് അകത്തും പുറത്തും കാറ്റും കോളും ആഞ്ഞു വീശുകയാണ്. ഇന്നൊരു കൊടുങ്കാറ്റ് വീശുന്ന ലക്ഷണമാണ്. ഇതില്‍ എന്തെല്ലാം കടപുഴകി വീഴുമെന്ന് കണ്ടറിയാം. സമരരീതി സസ്‌പെന്‍സായി തുടരുമ്പോഴും ഒരുങ്ങി തന്നെയാണ് പ്രതിപക്ഷം. കരുതലോടെ പ്രതിരോധം ഉയര്‍ത്തി ഭരണപക്ഷവും. സ്പീക്കര്‍ ശക്തന് ചുമതലേയറ്റ രണ്ടാം ദിവസം ശക്തിയെല്ലാം പുറത്തെടുക്കേണ്ട സാഹചര്യമാണ്.
കോഴ വാങ്ങിയ മാണി, കോഴപ്പണം എണ്ണാന്‍ സ്വന്തമായി യന്ത്രം വീട്ടില്‍ സൂക്ഷിക്കുന്ന മാണി, ബജറ്റ് വിറ്റ് കാശാക്കുന്ന മാണി ഇത്രയും കൊള്ളരുതായ്മകള്‍ കൊണ്ട് മുഖം വികൃതമായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് വി എസ് അച്യുതാനന്ദന്‍ നയം വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇരിപ്പുറപ്പിച്ചതാണ്. പിന്നെ എഴുന്നേറ്റിട്ടില്ല. ബജറ്റ് അവതരണം വരെ അവിടെ ഇരിക്കാനാണ് പരിപാടി. എല്ലാവരും ഇറങ്ങിയാല്‍ വാതില്‍ അടച്ച് പൂട്ടുമെന്ന ഭീതി ഉടലെടുത്തതോടെ ഭരണപക്ഷത്തെ ചിലരും സഭയില്‍ ഇരിപ്പുറപ്പിച്ചു.
തുടക്കം ശാന്തമായിരുന്നു ഇന്നലെ. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്നെങ്കിലും വിജയിച്ച ശക്തനെ ഇരുപക്ഷവും ഒരുമിച്ചാണ് ആനയിച്ചത്. പുതിയ സ്ഥാനലബ്ധിയെ പക്ഷം മറന്ന് എല്ലാവരും അഭിനന്ദനങ്ങള്‍കൊണ്ട് പൊതിഞ്ഞു. തോറ്റ സ്ഥാനാര്‍ഥി ഐഷാപോറ്റി പോലും ശക്തന്റെ വിജയത്തില്‍ അഭിമാനിച്ചു. തൊട്ടുപിന്നാലെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചതോടെയാണ് പൊട്ടലും ചീറ്റലും തുടങ്ങിയത്.
പി തിലോത്തമനാണ് അടിയന്തിരപ്രമേയ രൂപത്തില്‍ ബാര്‍ കോഴ സഭയിലെത്തിച്ചത്. മാണിയെ മാത്രമായി കൊണ്ടുവരാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് കണ്ടതോടെ മൂന്ന് മന്ത്രിമാരെ കൂടെ കൂട്ടി. പുതിയ ശബ്ദരേഖയില്‍ ഉള്‍പ്പെട്ട രമേശിനെയും ശിവകുമാറിനെയും കെ ബാബുവിനെയും. ആരോ സംസാരിക്കുന്ന സി ഡിയെടുത്തോണ്ട് സഭയില്‍ വന്നാല്‍ കൊണ്ടുവരുന്നവരുടെ ഇമേജ് പോകുമെന്നല്ലാതെ മന്ത്രിമാരുടെ ദേഹത്ത് ചെളി വീഴില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇങ്ങനെയൊക്കെ ആകാമോയെന്ന് എല്ലാവരും ചിന്തിക്കണം. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയും.
ബജറ്റ് അവതരിപ്പിക്കുന്നതിനോട് പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്നായി കോടിയേരി. പക്ഷെ അവതരിപ്പിക്കുന്നയാള്‍ മാണി ആകരുതെന്ന് മാത്രം. ധനമന്ത്രി മാണിയാണെങ്കില്‍ പിന്നെ മറ്റാരെ കൊണ്ട് ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി.
കോഴ ആരോപണം ഉന്നയിച്ച് മാണിയെ കുടുക്കിയത് ബിജു രമേശാണെങ്കിലും അതിനെ ഊരാകുടുക്കാക്കിയത് ഉത്തര്‍പ്രദേശുകാരി ലളിതകുമാരിയാണ്. ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം ഇതുവരെ പറഞ്ഞിരുന്നതെങ്കില്‍ മുഖ്യമന്ത്രിയും ഇത് ആവര്‍ത്തിച്ചു. ലളിതകുമാരിയും ഉത്തര്‍പ്രദേശ് ഭരണകൂടവും കൊമ്പുകോര്‍ത്ത ഒരു കേസിലെ സുപ്രീം കോടതി വിധി ഇല്ലായിരുന്നെങ്കില്‍ മാണിക്കെതിരെ എഫ് ഐ ആര്‍ വരുമായിരുന്നില്ലെന്ന് സാരം.
പാലോളി മുഹമ്മദ് കുട്ടിയെയും എ കെ ബാലനെയും കോടതി ശിക്ഷിച്ചിട്ട് പോലും മന്ത്രിസ്ഥാനം രാജിവെച്ചിട്ടില്ലെന്ന് മാണിയും ന്യായീകരിച്ചു. ഒരു ട്രെയിന്‍ പിക്കറ്റ് ചെയ്തതിനാണ് ശിക്ഷ കിട്ടിയതെങ്കിലും സമരത്തിന്റെ പേരിലുണ്ടായ നടപടിയും കോഴ വാങ്ങിയതും ഒരു തട്ടില്‍ വെച്ച് അളക്കാന്‍ കഴിയില്ലെന്ന് ബാലനും തിരിച്ചടിച്ചു.
പൊതുജീവിതം തുറന്ന പുസ്തകമാക്കി നടക്കുന്ന തങ്ങളെക്കുറിച്ച് കോഴ വാങ്ങിയെന്ന് പറഞ്ഞാല്‍ നാട്ടുകാരാരും വിശ്വസിക്കില്ലെന്ന് ആരോപണ വിധേയരായ മന്ത്രിമാര്‍ക്കും ഉറപ്പ്. ഡിജിറ്റല്‍ യുഗമാണെങ്കിലും സി ഡിയും ശബ്ദരേഖയും വരുന്നതിലെ അനഭിലഷണീയത രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പൂട്ടിയ 418 ബാറുകള്‍ തുറന്ന് കൊടുക്കാമെന്ന് നിങ്ങള്‍ നല്‍കിയ വാഗ്ദാനത്തിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് കെ ബാബു മുന്നറിയിപ്പ് നല്‍കി.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കാലത്തെ സംഭാവനയെക്കുറിച്ചാണ് തന്നെ പരാമര്‍ശിക്കുന്നതെന്നും അതില്‍ വസ്തുതയൊന്നുമില്ലെന്നും വി എസ് ശിവകുമാറും വിശദീകരിച്ചു.