Connect with us

Kerala

മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാന്‍: കാനം

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും താത്പര്യങ്ങളുടെ തടവറയില്‍ നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് അവകാശമില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ ഡി എഫ് സമരമല്ല, മന്ത്രി മാണിയുടെ ബജറ്റ് അവതരമാണ് ജനാധിപത്യ വിരുദ്ധമായ നടപടി. സ്വന്തം താത്പര്യങ്ങള്‍ക്കായി സംസ്ഥാന ബജറ്റിനെ മാണി സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം ആക്കി മാറ്റി. കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് കൂടി അപമാനകരമായ സംഭവമാണിത്. അഴിമതി മന്ത്രിസഭയുടെ ബജറ്റ് അവതരണത്തിനിടെ എല്‍ ഡി എഫ് ഇന്ന് നടത്തുന്ന പ്രക്ഷോഭം ബഹുജനങ്ങള്‍ അടക്കം അണിനിരന്ന് വിജയിപ്പിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം അഴിമതിയാരോപണം നേരിട്ട സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. യു ഡി എഫ് മന്ത്രിമാരുടെ അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകളാണ് ദിവസവും പുറത്ത് വരുന്നത്. എന്നാല്‍ ആരോപണം ഉയരുമ്പോള്‍ തെളിവ് ചോദിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇക്കാര്യങ്ങളില്‍ വിശദമായപരിശോധനയും അന്വേഷണവും നടത്തി തെളിവ് കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകമെന്നും കാനം ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ കാവലാളാവേണ്ട ഉമ്മന്‍ചാണ്ടി അഴിമതിക്കാരുടെ സംരക്ഷകനാകുന്നത് പരിഹാസ്യമാണ്. തെറ്റ്‌ചെയ്തവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.