കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തടവ്ശിക്ഷ ഒഴിവാക്കിയ നടപടി: മുഖ്യമന്ത്രിയില്‍ നിന്ന് കോടതി വിശദീകരണം തേടി

Posted on: March 13, 2015 4:53 am | Last updated: March 12, 2015 at 11:54 pm
SHARE

കൊച്ചി: മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടിടപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തടവ്ശിക്ഷ ഒഴിവാക്കിയതിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. സുപ്രീം കോടതി വരെയുള്ള വിവിധ കോടതികള്‍ ശിക്ഷിച്ച പ്രതിയുടെ തടവ് ശിക്ഷ ഒഴിവാക്കിയ നടപടി നിരുത്തരവാദപരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ഉബൈദ് സര്‍ക്കാറിന്റെ വിശദീകരണം തേടിയത്. പ്രതിക്ക് ശിക്ഷ ഇളവ് അനുവദിക്കാനുണ്ടായ സവിശേഷ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തിരുവനന്തപുരം ജില്ലയിലെ മാലയം ചെറുവിള ഡേവിഡ് ലാലിയുടെ തടവുശിക്ഷ ഒഴിവാക്കി നല്‍കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ടയിലെ അഭിഭാഷകനായ കെ രാജീവ്പിള്ള സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നിര്‍ദേശം. ശിക്ഷാ ഇളവ് അനുവദിക്കരുതെന്ന ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തല്‍ മറികടന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടുവെന്നാണ് ആരോപണം. ശിക്ഷായിളവ് അനുവദിക്കാന്‍ ഉമ്മന്‍ ചാണ്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ രേഖയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പിഴവൂര്‍ സ്വദേശിയായ യോഹന്നാന്‍ ജോര്‍ജു കുട്ടിയെ സോഡാ കുപ്പികൊണ്ട് മുഖത്തടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലാണ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി 1990 ജനുവരിയില്‍ ഡേവിഡ് ചാലിയെ രണ്ട് വര്‍ഷം കഠിനതടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു. 94ല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. പിന്നീട് 17 വര്‍ഷം ഒളിവില്‍ കഴിഞ്ഞതിന് ശേഷം സുപ്രീം കോടതിയെ സമീപിച്ചു. 2012ല്‍ സുപ്രീം കോടതി ഇയാളുടെ പ്രത്യേക അനുമതി ഹരജിയും തള്ളി. ഒരു ഘട്ടത്തിലും കോടതിയില്‍ കീഴടങ്ങാന്‍ പ്രതി തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.
പിന്നീടാണ് ശിക്ഷയിളവിന് ഇയാള്‍ ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇത് 2013ലായിരുന്നു. അപേക്ഷ വിശദമായ പരിശോധനക്കായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, തിരുവനന്തപുരം എസ് പി. എന്നിവര്‍ക്കയച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇയാളുടെ ആവശ്യം ആഭ്യന്തര സെക്രട്ടറി നിരസിച്ചു.
സാധാരണ അസുഖങ്ങള്‍ മാത്രമാണ് ഇയാള്‍ക്കുള്ളതെന്നും ജയിലില്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടെന്നും കോടതിയില്‍ കീഴടങ്ങാത്ത പ്രതിക്ക് ശിക്ഷായിളവ് നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തല്‍.
ഈ വിലയിരുത്തലോടെ ആഭ്യന്തര സെക്രട്ടറി ഫയല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വഴി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കയക്കുകയായിരുന്നു. മുഖ്യമന്ത്രി സ്വന്തം കൈപ്പടയില്‍ ജയില്‍ ശിക്ഷ ഒഴിവാക്കി ഒരുലക്ഷം രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് ആഭ്യന്തരമന്ത്രി അംഗീകരിക്കുകയും ചെയ്തു.
പ്രതിക്ക് ശിക്ഷായിളവ് നല്‍കുന്നതിനുണ്ടായ സവിശേഷ സാഹചര്യമെന്തെന്ന് വിശദീകരിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും സര്‍ക്കാര്‍ നടപടി നിരുത്തരവാദപരമെന്നും വിലയിരുത്തിയ കോടതി പ്രതിക്ക് നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു. മാര്‍ച്ച് 30ന് മുമ്പ് വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹരജിക്കാരനു വേണ്ടി അഭിഭാഷകരായ കെ ജി മുരളീധരന്‍, കെ ഷാജ് എന്നിവര്‍ ഹാജരായി.