ഒക്കോവോ ചിഗോസിയുടെ പാസ്‌പോര്‍ട്ടും വിസയും വ്യാജം, പോലീസ് കേസെടുക്കും

Posted on: March 13, 2015 4:53 am | Last updated: March 12, 2015 at 11:53 pm
SHARE

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ ഒക്കാവോ ചിഗോസി കോളിന്‍സിന്റെ വിസയും പാസ്‌പോര്‍ട്ടും വ്യാജം. നെടുമ്പാശ്ശേരിയിലെ ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വിസയും പാസ്‌പോര്‍ട്ടും വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജരേഖകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി താമസിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ക്ക് ഇന്ത്യയില്‍ നിന്ന് വിസ നല്‍കിയിട്ടില്ലെന്നും പാസ്‌പോര്‍ട്ട് കൃത്രിമമായി നിര്‍മിച്ചതാണെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പെട്രോസ് എന്നയാളുടെ പേരില്‍ നല്‍കിയിട്ടുള്ള വിസയാണ് ഇയാള്‍ വ്യാജമായി ഉപയോഗിച്ചതത്രെ. പാസ്‌പോര്‍ട്ടിലെ കൃത്രിമം സംബന്ധിച്ച് നൈജീരിയന്‍ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിന് നേരത്തെ ഗോവ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷമാകാം ഇയാള്‍ വ്യാജ വിസ സംഘടിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.
ഒക്കാവോ ചിഗോസിയെ ഇന്നലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും കടവന്ത്രയിലെ മുഹമ്മദ് നിസാമിന്റെ ഫഌറ്റിലും എത്തിച്ച് തെളിവെടുത്തു. ജനുവരി 30ന് ഗോവയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ വന്നിറങ്ങിയ സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലായിരുന്നു ആദ്യം തെളിവെടുത്തത്. ഫഌറ്റില്‍ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍ എന്നിവര്‍ക്കൊപ്പം 15 മിനിറ്റ് ചെലവഴിച്ചാണ് താന്‍ മടങ്ങിയതെന്ന് ഇയാള്‍ തെളിവെടുപ്പില്‍ പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ സി ഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.