ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ രാത്രി, നാടകവും നാടന്‍ പാട്ടുമായി പ്രതിപക്ഷം

Posted on: March 13, 2015 5:51 am | Last updated: March 12, 2015 at 11:52 pm
SHARE

തിരുവനന്തപുരം: ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ രാത്രി. പുറത്ത് ആര്‍ത്തിരമ്പുന്ന മുദ്രാവാക്യം വിളികള്‍. നാടകവും നാടന്‍ പാട്ടും വിപ്ലവഗാനങ്ങളുമായി സഭാതലം സജീവമാക്കി പ്രതിപക്ഷ എം എല്‍ എമാര്‍. കേരള നിയമസഭയുടെ ചരിത്രത്തിലെ അപൂര്‍വമായൊരു കാഴ്ചയായിരുന്നു ഇന്നലെ. കെ എം മാണിയെന്ന ധനമന്ത്രി ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷവും രാവിലെ ഒന്‍പത് മണിക്ക് തന്നെ മാണി ബജറ്റുമായെത്തുമെന്ന് ഭരണപക്ഷവും വെല്ലുവിളി കടുപ്പിച്ചതോടെ എന്തും സംഭവിക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
മുഖ്യമന്ത്രിയൊന്ന് മുരണ്ടപ്പോള്‍/ചീര്‍ത്ത് വീര്‍ത്തൊരു ചീഫ്‌വിപ്പ്/ ലോറിക്ക് കുടുങ്ങിയ തവളയെ പോലെ/ ചടഞ്ഞിരുന്നത് കണ്ടില്ലേ…എ പ്രദീപ് കുമാറിന്റെ തുള്ളല്‍പ്പാട്ട് വരികളാണിത്. സഭാതലത്തില്‍ പാട്ടും നാടകവുമായി ആഘോഷമാക്കിയാണ് പ്രതിപക്ഷം രാത്രി കഴിഞ്ഞു കൂടിയത്. തുള്ളല്‍പാട്ട് കഴിഞ്ഞതോടെ രാത്രി ഏഴോടെ പുരുഷന്‍ കടലുണ്ടി സംവിധാനിച്ച സത്യം ജയിക്കുമെന്ന നാടകവും അരങ്ങേറി. മാണിയുടെ അഴിമതിയായിരുന്നു നാടകത്തിലെ പരാമര്‍ശം. വി ചെന്താമരാക്ഷനാണ് മാണിയുടെ വേഷമിട്ടത്. പി എസ് ജയലാല്‍ ബിജുരമേശായും ടി വി രാജേഷ് പ്രതിഭാഗം വക്കീലായും പുരുഷന്‍ കടലുണ്ടി പബ്ലിക് പ്രോസിക്യൂട്ടറായും ബാബു എം പാലിശ്ശേരി ഗുമസ്തനും സുരേഷ് കുറുപ്പ് ജഡ്ജിയായും വേഷമിട്ടു. ഭരണപക്ഷ എം എല്‍ എമാരില്‍ ചിലര്‍ സഭയിലുണ്ടായിരുന്നെങ്കിലും നാടകം തുടങ്ങിയതോടെ ഇവര്‍ സ്ഥലംവിട്ടു.
രാത്രി ഏഴോടെ പ്രതിപക്ഷാംഗങ്ങള്‍ക്കു വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എല്ലാവര്‍ക്കും തോര്‍ത്ത് എത്തിച്ച് കൊടുത്തു.
പലരും തോര്‍ത്ത് തലയിലും അരയിലും കെട്ടി മാണിക്കെതിരായ ഹാസ്യഗാനത്തിനും പ്രസംഗത്തിനും കൊഴുപ്പേകി. പ്രതിപക്ഷ എം എല്‍ എമാരെ കാണാന്‍ സ്പീക്കര്‍ ശക്തനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറ്റു ചില മന്ത്രിമാരും ചീഫ് വിപ്പ് പി സി ജോര്‍ജും സഭയില്‍ വന്നു.
അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജന്‍, അന്‍വര്‍ സാദത്ത്, ഡൊമനിക് പ്രസന്റേഷന്‍, എം വി ശ്രേയാംസ് കുമാര്‍ തുടങ്ങിയ എം എല്‍ എമാരും രാത്രിയും സഭയിലുണ്ടായിരുന്നു. കമന്റടിയും തമാശകളും പങ്കിട്ടായിരുന്നു ഇരുകൂട്ടരും രാത്രിയില്‍ കഴിഞ്ഞു കൂടിയത്. രാത്രി ഒമ്പതോടെ ഉറങ്ങാനുള്ള ബെഡും ഷീറ്റും സഭയിലെത്തിച്ചു.
അതേസമയം, നിയമസഭാമന്ദിരം കനത്ത സുരക്ഷയിലാണ്. പരമാവധി സംയമനം പാലിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇന്നലെ വൈകീട്ടോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് സംഘം നിലയുറപ്പിച്ചു.