പിതാവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ പുടിന്‍ പ്രതിപക്ഷത്തിന്റെ തലയറുത്തെന്ന് നെംത്സോവിന്റെ മകള്‍

Posted on: March 13, 2015 6:00 am | Last updated: March 12, 2015 at 11:51 pm
SHARE

6519943dc0044972ae1f4b35dd58b4a5_18മോസ്‌കോ: തന്റെ പിതാവിന്റെ കൊലപാതകത്തിന് ഉത്തരവാദി പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്ന് കൊല്ലപ്പെട്ട പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവിന്റെ മകള്‍ ആരോപിച്ചു. ബി ബി സിയുമായുള്ള അഭിമുഖത്തിനിടെയാണ് കൊലപാതകത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം പുടിനാണെന്ന് അവര്‍ കുറ്റപ്പെടുത്തിയത്. തന്റെ പിതാവ് പുടിന്റെ കടുത്ത വിമര്‍ശകനായിരുന്നു. അദ്ദേഹം പുടിനുമായി യുദ്ധം ചെയ്തു. വേറെ ആരുമായല്ല, അദ്ദേഹവുമായി മാത്രമായിരുന്നു പിതാവിന്റെ പോരാട്ടം. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം പുടിന് തന്നെയാണ്. തന്റെ പിതാവിന്റെ കൊലപാതകത്തിന് ശേഷം പ്രതിപക്ഷത്തിന്റെ തലയറുക്കപ്പെട്ടതുപോലെയുള്ള സാഹചര്യമാണ്. എല്ലാവരും ഭയത്തിന്റെ പിടിയിലാണ് ഇപ്പോഴെന്നും മകള്‍ സാന നെംത്സോവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം അവസാനം ക്രെംലിനില്‍ വെച്ചാണ് പ്രതിപക്ഷ നേതാവായിരുന്ന നെംത്സോവ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പാശ്ചാത്യന്‍ ശക്തികളാണെന്നായിരുന്നു പുടിന്റെ വാദം. ഈ കേസില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചെന്ന് റഷ്യന്‍ അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.