Connect with us

International

ദുരിതക്കയത്തില്‍ സിറിയ; തിരിഞ്ഞുനോക്കാതെ യു എന്‍ സുരക്ഷാ കൗണ്‍സില്‍

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ദുരിതമനുഭവിക്കുന്ന പൗരന്‍മാര്‍ക്ക് മനുഷ്യത്വപരമായ സഹായം നല്‍കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍. 20ലധികം സന്നദ്ധ സംഘടനകളാണ് സുരക്ഷാ കൗണ്‍സിലിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മൂന്ന് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലും സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ മറ്റു സംഘടനകളും സുരക്ഷാ കൗണ്‍സില്‍ പോലെ സിറിയയിലെ സാധാരണക്കാര്‍ക്ക് വേണ്ടി രംഗത്തെത്തിയിട്ടില്ല. ബദല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. സഹായ പ്രവര്‍ത്തനങ്ങള്‍ വളരെ കുറഞ്ഞു. അതുപോലെ മാനുഷിക സഹായങ്ങളും വേണ്ടവിധത്തില്‍ ലഭ്യമായില്ലെന്നും സന്നദ്ധസംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സംഘര്‍ഷഭരിതമായ അഞ്ചാമത്തെ വര്‍ഷത്തിലേക്കാണ് ഇപ്പോള്‍ സിറിയ പ്രവേശിക്കുന്നത്. 2011ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഇതുവരെയായി പതിനായിരങ്ങള്‍ മരിച്ചുവീണു. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തു. യുദ്ധം സൃഷ്ടിച്ച കെടുതികളെ തുടര്‍ന്ന് 80ശതമാനം സിറിയക്കാറും പട്ടിണി അനുഭവിക്കുന്നവരാണ്. സാമ്പത്തികമായി ഏറെക്കുറെ എല്ലാവരും പിറകോട്ട് പോയി. ഘട്ടംഘട്ടമായുള്ള സാമ്പത്തിക തകര്‍ച്ചയും പിന്നാക്കവും ഭയപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പത്തും അടിസ്ഥാനസൗകര്യങ്ങളും സ്ഥാപനങ്ങളും പ്രവര്‍ത്തനം ശോഷിച്ച അവസ്ഥയിലായി.
30 ലക്ഷത്തിലധികം സിറിയക്കാര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യുദ്ധത്തിനിടയില്‍ ജോലി നഷ്ടപ്പെട്ടവരായി മാറി. ഒരു കോടിയിലധികം ആളുകള്‍ക്ക് അവരുടെ വരുമാന സോത്രസ്സ് നഷ്ടപ്പെട്ട സാഹചര്യം നിലവില്‍ വന്നു. 2011ല്‍ തൊഴിലില്ലായ്മ 14.9 ശതമാനമായിരുന്നെങ്കില്‍ 2014ല്‍ ഇത് 57.7 ആയി കുതിച്ചുയര്‍ന്നു. നിലവില്‍ സിറിയയിലെ ബഹുഭൂരിപക്ഷത്തിനും ജോലി ചെയ്യാന്‍ പോലും അവസരങ്ങളില്ല. അഞ്ചില്‍ നാല് സിറിയക്കാരും പട്ടിണിയുടെ പിടിയിലാണ്. നിലവില്‍ ഇതൊരു ദാരിദ്ര്യ രാഷ്ട്രമായി മാറി. 30 ശതമാനം സിറിയക്കാറും കടുത്ത പട്ടിണി നേരിടുന്നവരാണ്. സിറിയയിലെ ജനസംഖ്യയില്‍ യുദ്ധം വലിയ ആഘാതം സൃഷ്ടിച്ചു. 2011ല്‍ 20.87 മില്യണ്‍ ആയിരുന്നു ജനസംഖ്യയെങ്കില്‍ 2014 അവസാനത്തോടെ ഇത് 17.65 ആയി ചുരുങ്ങി. ഫലസ്തീനിന് ശേഷം ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥികളുള്ളത് ഇപ്പോള്‍ സിറിയയില്‍ നിന്നാണ്. 30ലക്ഷത്തിലധികം പേരാണ് സിറിയയില്‍ അഭയാര്‍ഥികളായി ഉള്ളത്. ഇതിന് പുറമെ 15 ലക്ഷത്തോളം പേര്‍ സുരക്ഷിതമായ ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയതായും സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന കണക്കില്‍ വ്യക്തമാക്കുന്നു.