പിഎസ് സി പരീക്ഷക്ക് പോലീസിന്റെ നല്ല പാഠം

Posted on: March 13, 2015 5:39 am | Last updated: March 12, 2015 at 11:39 pm
SHARE

കണ്ണൂര്‍: പി എസ് സി പരീക്ഷക്ക് തലശ്ശേരി പോലീസിന്റെ പരിശീലന പരിപാടി ശ്രദ്ധേയമാകുന്നു. തലശ്ശേരി പാലിശ്ശേരിയിലെ ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പരിശീലന കേന്ദ്രത്തില്‍ നിന്ന് നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തലശ്ശേരി സി ഐ. വി കെ വിശ്വംഭരന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആദ്യകാലങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. ജോലിത്തിരക്കുകള്‍ കാരണം ഇപ്പോള്‍ പരിചയ സമ്പന്നരായ അധ്യാപകരെ പുറത്തുനിന്ന് കൊണ്ടുവരികയാണ്. എല്ലാ ദിവസവും രാവിലെ ഏഴര മുതല്‍ ഒമ്പത് മണി വരെയാണ് ക്ലാസ്. ഒഴിവു ദിവസങ്ങളില്‍ ഉച്ചവരെ ക്ലാസുണ്ടാകും. വിവിധ പരീക്ഷകള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കുന്നുണ്ട്. ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. മുന്‍ ആഭ്യന്തരമന്ത്രിയും സ്ഥലം എം എല്‍ എയുമായ കോടിയേരി ബാലകൃഷ്ണന്‍ പദ്ധതിക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. യുവജനക്ഷേമ ബോര്‍ഡിന്റെ പദ്ധതി പ്രകാരം തലശ്ശേരി നഗരസഭയില്‍ നിന്ന് 45000 രൂപ നേരത്തേ ലഭിച്ചിരുന്നു. ജനമൈത്രി പോലീസിന്റെ ഫണ്ട് ഉപയോഗിച്ച് 60,000 രൂപയുടെ പുസ്തകങ്ങളും വാങ്ങിയിട്ടുണ്ട്. പി എസ് സി പരിശീലന കേന്ദ്രത്തെ സമീപ ഭാവിയില്‍ തന്നെ ഒരു മിനി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് ഇപ്പോള്‍ തലശ്ശേരി പോലീസിന്റെ സ്വപ്‌നം. ഇതിനായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഒരു എല്‍ സി ഡി പ്രൊജക്ടര്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. സി ഐ. വി കെ വിശ്വംഭരന്‍ ചെയര്‍മാനായി എസ് ഐ. എം അനില്‍ കുമാര്‍, ജനമൈത്രി സി ആര്‍ ഒ. എസ് ഐ വ്രജനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരീക്ഷാ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ പോലീസ് മേധാവി പി എന്‍ ഉണ്ണിരാജനും തലശ്ശേരി എ എസ് പി പ്രതീഷ് കുമാറും അടക്കമുള്ളവര്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കൂടെയുണ്ട്. ഡയറ്റിലെ അധ്യാപകനായ റൈജു, വി പി ബാബു, സന്തോഷ് ചൊക്ലി, റിജിത് കുമാര്‍, സുരേഷ് പന്തക്കല്‍, പി രത്‌നാകരന്‍, ടി മഹേഷ്, കെ വി പ്രദീപ് എന്നിവരാണ് ക്ലാസുകളെടുക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കായി മികച്ച ലൈബ്രറി, പത്രങ്ങള്‍, ആനുകാലികങ്ങള്‍, തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായി പൊതുജനങ്ങള്‍ക്കും ലൈബ്രറി ഉപയോഗിക്കാം.