വന്‍ പോലീസ് സന്നാഹം; നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

Posted on: March 13, 2015 6:00 am | Last updated: March 12, 2015 at 11:32 pm
SHARE

sabha...tvm 01തിരുവനന്തപുരം: സഭക്കുള്ളില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സഭക്ക് പുറത്ത് സമരക്കാരെ തടയാന്‍ വിന്യസിച്ചത് വന്‍ പോലീസ് സന്നാഹത്തെ. ഇടതുപക്ഷത്തിന്റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം മറികടക്കാനായി 2,500 ഓളം വരുന്ന പോലീസ് സേനയെയാണ് തലസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അഞ്ച് എസ് പിമാരും പത്തൊമ്പത് ഡി വൈ എസ് പി, 29 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ 127 എസ് ഐമാരടങ്ങുന്ന ഓഫീസര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും പോലീസ് സേന.

നിയനിയമസഭ സ്ഥിതിചെയ്യുന്ന പ്രദേശത്തെ സോണുകളാക്കി തിരിച്ച് ഓരോ സോണിന്റെയും സുരക്ഷാ ചുമതല ഓരോ എസ് പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. എ ആര്‍, എസ് എ പി, കമാന്‍ഡോസ്, ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള സംഘത്തെയും ജലപീരങ്കി, കണ്ണീര്‍ വാതകം, ഗ്രനേഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയാണ് സമരക്കാരെ പോലീസ് നേരിടുക. സമരക്കാരെ നിരീക്ഷിക്കാന്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകളും ഷാഡോ പോലീസിനെയും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളേയും നിരീക്ഷിക്കുന്നുണ്ട്. എല്ലാ പ്രധാന സ്ഥലങ്ങളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ച് കലക്ടര്‍ ഉത്തരവായിട്ടുണ്ട്.
നിയമസഭക്ക് 150 മീറ്റര്‍ അകലെ ബാരിക്കേഡ് തീര്‍ത്ത് സമരക്കാരെ തടയാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ആവശ്യമെങ്കില്‍ നിയമസഭാ കവാടം സ്ഥിതിചെയ്യുന്ന ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
ഇന്നലെ ഉച്ചമുതല്‍ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു നഗരത്തില്‍. ഉച്ചയോടെ തന്നെ നഗരത്തില്‍ പോലീസിനെ വിന്യസിച്ചു. വൈകീട്ട് മൂന്നോടെ പി എം ജി ജംഗ്ഷനിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു മുന്നിലുള്ള റോഡിലും ബാരിക്കേഡുകള്‍ നിരത്തി നിയമസഭയുടെ മുന്നിലൂടെയുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചു. യുവമോര്‍ച്ചയുടെ ഉപരോധസമരം തുടങ്ങിയതോടെ നിയമസഭയുടെ മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇടതുപക്ഷം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. രാത്രി വൈകിയും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒറ്റക്കും കൂട്ടായും നിയമസഭ ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുകയാണ്. എല്‍ ഡി എഫിന്റെ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും മാത്രമാണ് പങ്കെടുക്കുന്നത്.
സഭയിലേക്ക് ആരേയും കടത്തിവിടില്ലെന്നതാണ് യുവമോര്‍ച്ചയുടെ നിലപാട.് എല്‍ ഡി എഫും ബി ജെ പിയും സമരരംഗത്തുള്ളതിനാല്‍ സംഘര്‍ഷസാധ്യയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.