ആലമിന്റെ മോചനം തിരിഞ്ഞുകുത്തുമ്പോള്‍

Posted on: March 13, 2015 6:00 am | Last updated: March 12, 2015 at 10:58 pm
SHARE

SIRAJ.......കാശ്മീരില്‍ ഉടലെടുത്ത രാഷ്ട്രീയ കൊടുങ്കാറ്റ് കെട്ടടങ്ങിയ മട്ടാണ്. മസ്‌റത്ത് ആലമിനെ മോചിപ്പിച്ചതിന്റെ പേരില്‍ പി ഡി പി നേതൃത്വത്തിനെതിരെ തിരിഞ്ഞവര്‍ പത്തി മടക്കിയിരിക്കുന്നു. സംസ്ഥാനം, ഗവര്‍ണര്‍ ഭരണത്തിലായിരുന്ന കാലത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണ് ആലമിനെ മോചിപ്പിക്കാനുള്ള നിയമ നടപടികളുണ്ടായതെന്ന വസ്തുത പുറത്തായതോടെയാണ് പി ഡി പി, വിഘടന വാദികളെ സഹായിക്കുകയാണെന്ന് ആരോപിച്ചവരുടെ നാവിറങ്ങിപ്പോയത്. മോചനം നടന്നത് കേന്ദ്ര സര്‍ക്കാര്‍ അറിയാതെയാണെന്ന പ്രസ്താവന നടത്തി പാര്‍ലിമെന്റിനെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ഇതോടെ വെട്ടിലായി.
2010ല്‍ നടന്ന പ്രക്ഷോഭത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പൊതു സുരക്ഷാ നിയമത്തിന്‍ കീഴിലാണ് മസ്‌റത്ത് ആലം അറസ്റ്റിലാകുന്നത്. അദ്ദേഹത്തിന്റെ കരുതല്‍ തടങ്കല്‍ കാലാവധി ഫെബ്രുവരി ആദ്യം അവസാനിച്ചതാണ്. സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത വിവരം 12 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയമോ, ഒരു മാസത്തിനകം ഉപദേശക സമിതിയോ അംഗീകരിക്കണമെന്നാണ് ചട്ടം. മസ്‌റത്ത് ആലമിന്റെ കാര്യത്തില്‍ ഇത് രണ്ടും ഉണ്ടായിട്ടില്ല. ഇതടിസ്ഥാനത്തില്‍ ആലമിനെതിരെയുള്ള കേസ് അസാധുവാണെന്ന് കാണിച്ചു ഫെബ്രുവരി നാലിന് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടരി സുരേഷ്‌കുമാര്‍ ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. തടങ്കല്‍ നീട്ടുന്നതിനു കാരണമായി എന്തെങ്കിലും പുതിയ സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചോദ്യത്തിന് നിഷേധാത്മകമായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ മറുപടി. ഈ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കുന്നത്. മസ്‌റത്ത് ആലമിനെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ അന്ത്യഘട്ടത്തിലെത്തിയപ്പോഴാണ് മുഫ്തി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കാശ്മീര്‍ കേന്ദ്ര ഭരണത്തില്‍ കീഴിലായിരുന്ന ഘട്ടത്തില്‍ നടന്ന ഈ വിഷയങ്ങളിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തരമില്ല.എന്നിട്ടും മോചന വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചില്ലെന്നു കുറ്റപ്പെടുത്തി ഇതിന്റെ ഉത്തരവാദിത്തം മുഫ്തി സര്‍ക്കാറിന്റെ പിരടിയില്‍ കെട്ടിവെക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും.
മസ്‌റത്ത് ആലമിന്റെ നേതൃത്വത്തില്‍ 2010ല്‍ നടന്ന പ്രക്ഷോഭത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്ന നിലപാടും സംശയാസ്പദമാണ്. സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടന്ന ബഹുജന പ്രക്ഷോഭമായിരുന്നു അതെന്ന് വിശ്വസിക്കുന്നവരാണ് പലരും. ഹൈക്കോടതി ആലമിന്റെ ജാമ്യാപേക്ഷ സ്വീകരിച്ചതും, അതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി നിരാകരിച്ചതും ഇതുകൊണ്ടായിരിക്കണം. പൗരന്മാരെ നിയമ വിരുദ്ധമായി ജയിലില്‍ പാര്‍പ്പിക്കുന്നത് ഒരു ജനാധിപത്യ ഭരണ വ്യവസ്ഥിതിക്ക് ചേര്‍ന്നതല്ലല്ലോ.
ന്യൂനപക്ഷ സമുദായങ്ങള്‍, നേതൃത്വം നല്‍കുന്ന സര്‍ക്കാറുകളെ സദാ സംശയ ദൃഷ്ടിയോടെ കാണുന്ന പ്രവണതയാണ് രാജ്യത്ത് നിലവിലുള്ളത്. അതിന്റെ ഭാഗമാണ് മുഫ്തിക്കു നേരെയുള്ള നീക്കം. ഒരേ വിഷയം മുസ്‌ലിംകള്‍ ചെയ്താല്‍ അത് രാജ്യദ്രോഹവും മറ്റുള്ളവര്‍ ചെയ്താല്‍ രാജ്യസ്‌നേഹവുമാകുന്ന വിചിത്ര പ്രതിഭാസമാണ് പലപ്പോഴും കാണപ്പെടാറ്. മസ്‌റത്ത് ആലമിനെ മോചിപ്പിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തു ജയിലിലടക്കണമെന്നുമാണ് ശിവസേന ആവശ്യപ്പെടുന്നത്. അദ്ദേഹത്തെ മോചിപ്പിച്ചത് കേന്ദ്ര സര്‍ക്കാറാണെന്ന് ബേധ്യപ്പെട്ട സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കും രാജ്‌നാഥ് സിംഗിനുമെതിരെ നിയമനടപടി വേണമെന്ന് സേന ആവശ്യപ്പെടുമോ?
ഈ വിഷയത്തില്‍ കോണ്‍ഗ്രസും കാശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സും എടുത്ത നിലപാടാണ് ദൗര്‍ഭാഗ്യകരം. സംഘ്പരിവാറിനൊപ്പം ചേര്‍ന്നു മുഫ്തി സര്‍ക്കാറിനും പി ഡി പി നേതൃത്വത്തിനുമെതിരെ വാളെടുക്കുകയായിരുന്നു ഇരുകക്ഷികളും. വര്‍ഗീയതയും മതേതരത്വവും ഏറ്റുമുട്ടുമ്പോള്‍, കക്ഷിരാഷ്ട്രീയ വിദ്വേഷം തത്കാലത്തേക്കെങ്കിലും മാറ്റിവെച്ചു മതേതരപക്ഷത്ത് നിലയുറപ്പിക്കാനുള്ള വിവേകമാണ് മതേതര പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിക്കേണ്ടത്.