Connect with us

Articles

ഇനിയുമരിയണോ കരിപ്പൂരിന്റെ ചിറക്?

Published

|

Last Updated

കരിപ്പൂര്‍ വിമാനത്താവളത്തോട് അധികൃതര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയത്തിന്റെ തുടര്‍ച്ചയാണ് വലിയ വിമാനങ്ങള്‍ക്ക് ദീര്‍ഘനാളത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പുതിയ നീക്കം എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. റണ്‍വേയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണമെങ്കിലും അതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്. പുനര്‍നിര്‍മാണത്തിന് തിരഞ്ഞെടുത്ത സമയമാണ് ഇതിനുപിന്നിലെ ചേതോവികാരം എന്തെന്ന സന്ദേഹത്തിനിടം നല്‍കുന്നത്.
സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ റണ്‍വേക്ക് ബലക്ഷയമുള്ളതായി കണ്ടെത്തിയിരുന്നു. റണ്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കണമെങ്കില്‍ നവീകരണം ഒഴിവാക്കാനാകില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്. ഇതേതുടര്‍ന്നാണ് റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വിമാനത്താവളം ഭാഗികകമായി അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മെയ് ഒന്നിനാണ് നിയന്ത്രണം തുടങ്ങുന്നത്. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെയാണ് നിയന്ത്രണം. നിലവിലെ റണ്‍വേയില്‍ അടിയന്തര പ്രവര്‍ത്തികള്‍ നടത്തിയാലേ ജംബോ ജെറ്റുകളായ 747, 777 വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനാവൂ എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് മൂലം ഒരു ദിവസം ആറു മുതല്‍ എട്ട് വരെ മണിക്കൂറുകള്‍ വിമാനത്താവളം അടച്ചിടേണ്ടതായി വരും. ഇത് എപ്പോഴായിരിക്കുമെന്ന് തീരുമാനിക്കാന്‍ വിമാന കമ്പനികളുമായും സാങ്കതിക വിദഗ്ധരുമായും കൂടിയോലോചിക്കുമെന്നാണ് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എ കെ ശ്രീവാസ്തവ വ്യക്തമാക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ അവസാനത്തോടെയാണ് പ്രവൃത്തി തുടങ്ങാന്‍ ഉദ്ദേശ്യമെങ്കിലും വിമാനത്താവളം അടച്ചിടുന്നത് മഴക്കാലത്തായതിനാല്‍ സെപ്തംബര്‍ കഴിഞ്ഞേ പണി തുടങ്ങാനാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടി പരിഗണിച്ചാല്‍ ആറു മാസ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ചിലേ അവസാനിക്കുകയുള്ളൂ. അപ്പോഴേക്കും ഒരു വര്‍ഷം പിന്നിടും. പ്രാഥമിക പ്രവൃത്തിക്ക് ശേഷം സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശോധനക്കു ശേഷം മാത്രമേ പൂര്‍ണമായി പ്രവര്‍ത്തനം പുനരാരംഭിക്കാനാവുകയുള്ളൂ. അപ്പോഴേക്കും വീണ്ടും മാസങ്ങള്‍ പിന്നിടും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 54 ഓളം വിള്ളലുകളാണ് റണ്‍വേയില്‍ കണ്ടെത്തിയത്. വിള്ളലുകള്‍ ദൃശ്യമായ ഉടനെത്തന്നെ നടപടി സ്വീകരിക്കുകയും സമയബന്ധിതമായി റണ്‍വേ ബലപ്പെടുത്താനുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. 2007-ല്‍ വിമാനത്താവളത്തില്‍ നടത്തിയ 23 കോടിയുടെ നവീകരണ പ്രവൃത്തിയില്‍ 2.18 കോടിയുടെ അഴിമതി നടന്നതായി ആരോപണമുയര്‍ന്നു. 4500 ടണ്ണിന് പകരം 3700 ടണ്‍ ബിറ്റുമിനും പതിനായിരം ബാഗ് സിമന്റിനു പകരം 5500 ബാഗ് സിമന്റും ഉപയോഗിച്ചെന്നായിരുന്നു കേസ്. ഈ ഭാഗമാണ് ഇപ്പോള്‍ വീണ്ടും നവീകരിക്കുന്നത്.
വിദേശ യാത്രക്ക് മുന്‍ കാലങ്ങളില്‍, മറ്റുള്ളവരെ പോലെ കേരളീയരുടെ അവലംബവും കപ്പലുകളായിരുന്നു. വ്യോമഗതാഗതം ചിറകു വിടര്‍ത്തിയതോടെ യാത്രക്ക് വിമാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. മുംബൈ വിമാനത്താവളമായിരുന്നു അന്ന് പ്രധാന ആശ്രയം. കോഴിക്കോട് വിമാനത്താവളം നിലവില്‍ വന്നതു മുതല്‍ അതിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്. മുംബൈ, മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവള ലോബികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷത്തിലേറെ യാത്രക്കാരുള്ള കരിപ്പൂരിനെ തഴഞ്ഞ് അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം യാത്രക്കാരുള്ള കോയമ്പത്തൂര്‍ വിമാനത്താവളത്തിന് അന്തര്‍ദ്ദേശീയ പദവി നല്‍കാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. കരിപ്പൂരിന്റെ പ്രാമാണ്യം അവസാനിപ്പിച്ചാല്‍ കോയമ്പത്തൂരിന് നേട്ടം കൊയ്യാമെന്ന ചിന്തയില്‍ ഇതിനുള്ള ചരടുവലികള്‍ അണിയറയില്‍ സജീവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മേല്‍ക്കോയ്മ നേടിയതുപോലെ വ്യോമയാന രംഗത്തും ശക്തമായി പിടിമുറുക്കാന്‍ അവസരം കാത്ത് കഴിയുകയാണ് തമിഴ്‌നാട്.
വിമാനത്താവളം ഭാഗികമായി അടച്ചിടാനുദ്ദേശിക്കുന്ന സമയക്രമവുമായി മലയാളിക്ക,് പ്രത്യേകിച്ച് മലബാറുകാര്‍ക്ക് ഒരു നിലക്കും പൊരുത്തപ്പെട്ട് പോകാനാവില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ യാത്രക്കാര്‍ പ്രധാനമായും ഈ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. കേരളത്തിലേയും ഗള്‍ഫിലേയും സ്‌കൂള്‍ അവധിക്കാലവും റമസാനും പെരുന്നാളും ഓണവും മറ്റും കണക്കിലെടുത്ത് മലയാളികള്‍ ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും കൂടുതല്‍ യാത്ര ചെയ്യുന്നത് മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവിലാണ്. ഹജ്ജ് യാത്ര ആരംഭിക്കുന്നതും ഒക്‌ടോബര്‍ പകുതിയോടെയാണ്. ഉംറ യാത്രകളും ഇപ്പോള്‍ സജീവമാണ്.
അന്തര്‍ ദേശീയ യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തേതും മൊത്തം യാത്രികരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഒമ്പതാമത്തേതും വിമാനത്താവളമാണ് കരിപ്പൂര്‍. പ്രതിവര്‍ഷം 16,854 സര്‍വീസുകള്‍ പുറപ്പെടുന്ന കരിപ്പൂര്‍ യാത്രക്കാരുടെ നിരക്കില്‍ ലോകത്ത് പന്ത്രണ്ടാം സ്ഥാനത്താണ്. വലുപ്പത്തിന്റെ കാര്യത്തില്‍ ചെറുതാണെങ്കിലും സര്‍വീസുകളുടെ എണ്ണം നോക്കുമ്പോള്‍ വന്‍കിട വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിന്റെ സ്ഥാനം. 27 ലക്ഷത്തോളം യാത്രക്കാരാണ് കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഇവരില്‍ 80 ശതമാനവും എത്തുന്നത് മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവിലാണ്. പ്രതിവര്‍ഷം 120 കോടിയോളം രൂപയുണ്ട് കരിപ്പൂരില്‍ നിന്നുള്ള വരുമാനം.
വിമാനത്താവളം ഭാഗികമായി അടച്ചിടുന്നത് മലബാറിന്റെ സാമ്പത്തിക മേഖലക്ക് കനത്ത ആഘാതമേല്‍പ്പിക്കും. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന കാലത്താണ് അടച്ചിടാന്‍ തീരുമാനമെടുത്തിരിക്കുന്നത്. പച്ചക്കറി, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയായി പ്രതിദിനം 22 ടണ്‍ എന്ന തോതില്‍ പ്രതിവര്‍ഷം 8128 ടണ്‍ ചരക്കുകളാണ് വിമാനം വഴി കോഴിക്കോട് നിന്ന് കയറ്റി അയക്കപ്പെടുന്നത്. നിയന്ത്രണം ഇലക്ട്രിക് ഉപകരണങ്ങളുടെയടക്കം ഇറക്കുമതിയേയും ദോഷകരമായി ബാധിക്കും.
വിദേശത്തുനിന്ന് ഒട്ടേറെ വിനോദ സഞ്ചാരികള്‍ കരിപ്പൂര്‍ വഴി കേരളത്തിലെത്തുന്നുണ്ട്. ആയുര്‍വേദ ചികിത്സക്കും മറ്റും അവര്‍ തിരഞ്ഞെടുക്കുന്നത് മലബാറിലെ ആശുപത്രികളെയാണ്. വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ അവര്‍ കോഴിക്കോടിനെ കൈയൊഴിയും. ഹജ്ജ് യാത്രക്കാരാണ് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരിക. ഹജ്ജ് ഹൗസ് കരിപ്പൂരായതിനാല്‍ യാത്രക്കാര്‍ മാത്രമല്ല, ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തേയും ഇത് സാരമായി ബാധിക്കും. ഹജ്ജ് യാത്രികര്‍ നെടുമ്പാശ്ശേരിയെയോ കോയമ്പത്തൂരിനെയോ മംഗലാപുരത്തെയോ ആശ്രയിക്കേണ്ടിവരും. ഹജ്ജ് യാത്രക്ക് പോകുന്നവരില്‍ ഏറെയും കോഴിക്കോടിനെയാണ് ആശ്രയിക്കുന്നത്. പ്രതി വര്‍ഷം 15,000 ത്തോളം പേരാണ് കോഴിക്കോട് നിന്ന് ഹജ്ജിന് പോകുന്നത്. ആറായിരത്തോളം പേര്‍ ഉംറക്കും.
28 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ റണ്‍വേ അറ്റകുറ്റ പണി നടക്കുന്നത്. ആഴ്ചയില്‍ 52 സര്‍വീസുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ കമ്പനികളുടെ 747, 777 വിമാനങ്ങളെയാണ് മെയ് ഒന്നു മുതല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. യാത്രക്കാര്‍ കൂടുതലുള്ള റിയാദ്. ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് മുടങ്ങുന്നത്. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് വിമാനത്താവളം പ്രവര്‍ത്തിക്കുന്ന സമയത്ത് സര്‍വീസ് നടത്താമെങ്കിലും തയാറാകില്ലെന്ന് എയര്‍ ഇന്ത്യയും എമിറേറ്റ്‌സും വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്‌സിന് ചെറിയ വിമാനമില്ലാത്തതിനാല്‍ മെയ്-ഒക്‌ടോബര്‍ കാലത്തെ ആയിരത്തോളം യാത്രക്കാരുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന അനിശ്ചിതത്വത്തിലാണ് കമ്പനി.
ഗള്‍ഫ് മലയാളികളെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും മലബാറുകാരാണ്. അതിനാല്‍ ഈ നീക്കം ആശങ്കയുളവാക്കുന്നു. നമ്മുടെ നാടിന്റെ വികസനത്തിന് കനത്ത സംഭാവനയേകുന്ന പ്രവാസികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കു നേരെ നമുക്കെങ്ങിനെ കണ്ണടക്കാനാകും? എമിറേറ്റ്‌സ്, സൗദിയ, എയര്‍ ഇന്ത്യ കമ്പനികള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ബുക്കിംങ് നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ പ്രതിമാസം വന്‍ നഷ്ടമാണ് ഇവര്‍ നേരിടുന്നത്. ആ ഭാരം പ്രവാസികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മെയ് ഒന്നു മുതല്‍ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തില്‍ തിരക്ക് കണക്കിലെടുത്ത് വിമാന കമ്പനികള്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന മെയ്- ഒക്‌ടോബര്‍ മാസങ്ങളില്‍ 100 മുതല്‍ 200 ശതമാനം വരെ വര്‍ധന നിലവില്‍ വരാനുള്ളസാധ്യത തള്ളികളയാനാകില്ല. ഇതിന്റ ആദ്യ പടിയായി സൗദി എയര്‍ലൈന്‍സ് ഉംറക്കുള്ള ചാര്‍ജ് വര്‍ധിപ്പിച്ചു കഴിഞ്ഞു. 34,000 രൂപ ഈടാക്കിയിരുന്നിടത്ത് 38,800 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. സൗദി എയര്‍ലൈന്‍സിന് പിറകെ ഖത്തര്‍ എയര്‍വേസും ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. 25,000 മുതല്‍ 35,000 വരെയാണ് ഖത്തറിലേക്ക് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇത് ഇരട്ടിയോളം വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. വലിയ വിമാനങ്ങള്‍ കോഴിക്കോട് നിന്ന് ഇല്ലാതാവുന്നതോടെ യാത്രക്ക് നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതും ചാര്‍ജ് വര്‍ധനക്ക് കാരണമാകും.
മറ്റു വിമാനത്താവളങ്ങളില്‍ സ്ലോട്ട് നേടാനാണ് വിമാന കമ്പനികള്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കുമെന്ന് കമ്പനികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, സൗദിയ, ഇത്തിഹാദ്, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ് തുടങ്ങിയവയാണ് നിലവില്‍ കോഴിക്കോട് നിന്ന് സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍. ഇവയില്‍ ചില കമ്പനികള്‍ക്ക് ചെറിയ വിമാനങ്ങള്‍ ഉണ്ടെങ്കിലും വലിയ വിമാനങ്ങളും കൂടുതല്‍ സൗകര്യങ്ങളുമുളള വിമാനത്താവള സാധ്യതകള്‍ തേടി ഇവയും കോഴിക്കോടിനെ കൈയൊഴിച്ചേക്കും.
ബദല്‍ സംവിധാനം ഒരുക്കാതെയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താതെയുമാണ് കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്നത്. ഇത് പ്രതിഷേധത്തിനിട നല്‍കിയിട്ടുണ്ട്. 30 വര്‍ഷം പഴക്കമുള്ള റണ്‍വേ കാലങ്ങള്‍ കൊണ്ടും വിമാനങ്ങളുടെ ലാന്റിംഗും ടേക് ഓഫ് കൊണ്ടും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളാണ് റണ്‍വേ വിള്ളലിനും മറ്റും കാരണമാകുന്നത്. ടാബിള്‍ ടോപ് റണ്‍വേ എത്ര സുരക്ഷിതമാണോ അത് നൂറു കണക്കിന് യാത്രക്കാരുടെയും പരിസര വാസികളുടെയും ജീവന്‍ സുരക്ഷിതമാക്കും. റണ്‍വേ നവീകരണം നടത്താതിരിക്കുന്നത് വിമാന യാത്രക്കാര്‍ക്ക് മാത്രമല്ല, വിമാനത്താവള പരിസരത്തെ നിരവധി വീട്ടുകാരുടെയും ജീവന് ഭീഷണിയായിരിക്കും. വിള്ളലുള്ള റണ്‍വേയില്‍ വിമാനം വന്നിറങ്ങുമ്പോള്‍ വല്ല അപകടവും സംഭവിച്ചാല്‍ കത്തിപടരുന്നത് സമീപ പ്രദേശങ്ങളും കൂടിയായിരിക്കും. ഇത്തരമൊരു ദുരന്തം ഇല്ലാതാക്കാന്‍ റണ്‍വേ നവീകരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നു തന്നെയാണ് മറ്റുള്ളവരെ പോലെ നാട്ടുകാരുടെയും ആവശ്യം.15 മാസത്തേക്ക് ഭാഗികമായി അടച്ചുപൂട്ടുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ 330 എയര്‍ ബസ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം പ്രവാസി സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.
സ്‌കൂള്‍ അവധി, പെരുന്നാള്‍, ഓണം, ഹജ്ജ് തുടങ്ങി കൂടുതല്‍ തിരക്കുള്ള സമയങ്ങളില്‍ റണ്‍വേ അറ്റകുറ്റ പണിക്കുവേണ്ടി ഭാഗികമായി അടച്ചിടാനുള്ള തീരുമാനം ബന്ധപ്പെട്ടവര്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. അനിവാര്യമായ അറ്റകുറ്റ പണികള്‍ക്ക് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുള്ള ബദല്‍ സംവിധാനം ഒരുക്കണം. ദീര്‍ഘ കാലത്തേക്ക് വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് സീറ്റുകളുടെ അലഭ്യതക്കും ടിക്കറ്റ് നിരക്ക് കൂടാനും ഇടയാക്കും. ദീര്‍ഘ വീക്ഷണമില്ലാത്തതും പ്രവാസികളുടെ താത്പര്യങ്ങള്‍ പരിഗണിക്കാതെയുമുള്ള തീരുമാനം അശാസ്ത്രീയമാണ്. ജൂണ്‍, ജൂലൈ മാസങ്ങള്‍ മഴക്കാലമായതിനാല്‍ പണി കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതി ആവിഷ്‌കരിക്കുകയും തിരക്കുള്ള സമയം മാറ്റി അറ്റകുറ്റ പണിക്കുള്ള സമയ ക്രമം പുനര്‍ നിര്‍ണയിക്കുകയും വേണം.
പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഭാവിയില്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ മുത്തങ്ങക്കും ഗുണ്ടല്‍ പേട്ടക്കുമിടയിലെ വന പ്രദേശത്തുകൂടിയുള്ള രാത്രി യാത്രാ നിരോധനം ഇന്നും പരിഹരിക്കപ്പെടാത്ത സമസ്യയായി നമുക്ക് മുമ്പിലുണ്ട്. വിമാനത്താവള പ്രശ്‌നത്തില്‍ പാര്‍ട്ടികളും ജന പ്രതിനിധികളും ഇടപെടുന്നില്ലെന്ന ആക്ഷപം നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. രാഷ്ട്രീയ നേതൃത്വവും ജന പ്രതിനിധികളും മലബാറിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാവേണ്ടതുണ്ട്.

Latest