കൊളംബോ സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുദം വെറും അറുപാതിനായിരത്തിന്

Posted on: March 12, 2015 11:38 pm | Last updated: March 12, 2015 at 11:38 pm
SHARE

money-exchange-madhya-pradesh>>വെളിപ്പെടുത്തല്‍ മുന്‍ ഇടനിലക്കാരന്റെത്‌

കോട്ടയം: അഞ്ച് ലക്ഷം മുതല്‍ 60,000 വരെ മുടക്കിയാല്‍ കൊളംബോ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം സ്വന്തമാക്കാം. ഒപ്പം ശ്രീലങ്കയിലും മലേഷ്യയിലും വിനോദസഞ്ചാരവും നടത്താം. വിദേശ സര്‍വകലാശാലയുടെ ഡോക്ടറേറ്റിനെതിരേ ആക്ഷേപം ഉയര്‍ന്നതോടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ശരിവെച്ച് കുറച്ചുകാലം ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആധ്യാത്മിക കുടുംബ മാസിക പുണ്യദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ മധു മണിമല അടുത്ത കാലത്ത് ഡോക്ടറേറ്റ് നേടിയ പ്രമുഖരുടെ വിവരങ്ങള്‍ പുറത്തു വിട്ടു. കോട്ടയം ജില്ലയിലെ പ്രമുഖനായ കേരളാ കോണ്‍ഗ്രസ് (എം) എം എല്‍ എയും, എല്‍ ഡി എഫില്‍ അംഗമായ പാര്‍ട്ടിയുടെ ദേശീയ നേതാവായ ബിസിനസുകാരനും, ക്രൈസ്തവ മതനേതാക്കളും, ശബരിമല മുന്‍ തന്ത്രിയും അടക്കമുള്ളവര്‍ ഡോക്്ടറേറ്റ് നേടിയ പ്രമുഖരില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ കൊളംബോ ഓപണ്‍ ഇന്റര്‍നാഷനല്‍ കോംപ്ലിമെന്ററി മെഡിസിന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇടനിലക്കാര്‍ വഴി പ്രമുഖരടക്കം 937 പേര്‍ ഡോക്്ടറേറ്റ് നേടിയിട്ടുണ്ടെന്ന് മധു മണിമല പറഞ്ഞു. 25,000 രൂപ വരെ ഇടനിലക്കാര്‍ക്ക് കമ്മീഷനായി ലഭിക്കും. ശ്രീലങ്കയില്‍ മാത്രം അംഗീകാരമുള്ള പി എച്ച് ഡി ബിരുദം അലങ്കാരമായി പേരിനൊപ്പം ചേര്‍ക്കാനാണ് ലക്ഷങ്ങള്‍ മുടക്കി പ്രമുഖര്‍ നേടിയത്.
ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാന്‍സലറാണ് ഒന്നര മാസം കൊണ്ട് തീസിസ് തയാറാക്കി മൂന്ന് മാസം കൊണ്ടു പി എച്ച് ഡി ബിരുദം സമ്പാദിച്ചു നല്‍കുന്നതെന്ന് മധു പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ ശ്രീലങ്കയിലോ മലേഷ്യയിലോ നടക്കുന്ന ചടങ്ങില്‍ വെച്ച് ബിരുദം സമ്മാനമായി നേടാം. ഇനി വിദേശത്ത് പോകാന്‍ സമയവും താത്പര്യമില്ലെങ്കില്‍ 60,000 രൂപ നല്‍കിയാല്‍ പറയുന്ന മേല്‍വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എത്തും. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ചാണ് പി എച്ച് ഡി ബിരുദത്തിന് തുക നിശ്ചയിക്കുക. വിശ്വാസ്വതക്കായി ഇതിനോടകം ടൂര്‍ പാക്കേജിനൊപ്പം ഡോക്ടറേറ്റ് സ്വന്തമാക്കിയ എം എല്‍ എ അടക്കമുള്ള നിരവധി പ്രമുഖരുടെ ഡോക്ടറേറ്റ് ബിരുദ ദാനചടങ്ങിന്റെ ഫോട്ടോകളും മധുമണിമല ഇന്നലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.
ഇതില്‍ എം എല്‍ എയും ദേശീയ നേതാവും പേരിന് മുന്നില്‍ ഡോക്്ടറേറ്റ് ഉപയോഗിക്കുന്നില്ല. ഈ ബിരുദത്തിന് ശ്രീലങ്കയില്‍ മാത്രമാണ് അംഗീകാരമുള്ളത്. സമ്പന്നന്‍മാര്‍ പേരിനു മുന്നില്‍ ഡോക്്ടറെന്ന് ചേര്‍ക്കാനാണ് ലക്ഷങ്ങള്‍ മുടക്കി ഓപണ്‍ ഇന്റര്‍നാഷനല്‍ കോംപ്ലിമെന്ററി മെഡിസിന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി വിലക്കു വാങ്ങുന്നത്.