ഇത്തിഹാദ് റെയില്‍ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി

Posted on: March 12, 2015 8:00 pm | Last updated: March 12, 2015 at 8:39 pm
SHARE

ദുബൈ: യുഎഇ ദേശീയ റയില്‍ പദ്ധതിയായ ഇത്തിഹാദ് റയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിന്റെ പ്രാരംഭനടപടികള്‍ക്കായി ഗവണ്‍മെന്റ് 70 കോടി ദിര്‍ഹം അനുവദിച്ചു. രണ്ടാംഘട്ട നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയും ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എഫ്ടി എ) ചെയര്‍മാനുമായ അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി അറിയിച്ചു. ഹബ്ഷന്‍, റുവൈസ് മേഖലകളെ ബന്ധിപ്പിക്കുന്ന 264 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 470 കോടി ദിര്‍ഹം മുടക്കിയാണു പൂര്‍ത്തിയാക്കിയത്. ആകെ 1,200 കിലോമീറ്റര്‍ വരുന്ന ഇത്തിഹാദ് പദ്ധതി പ്രധാന വ്യവസായമേഖലകളെയും നഗരങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കും. യു എ ഇയിലെ ഏഴ് എമിറേറ്റുകളിലൂടെയും കടന്നുപോയി ജിസിസി റയില്‍ പദ്ധതിയുടെ ഭാഗമായി മാറുംവിധമാണ് പണി പുരോഗമിക്കുന്നത്.
യുഎഇയിലെ നഗര-ഗ്രാമ തലങ്ങളിലൂടെ കടന്നു മരുഭൂമിയിലൂടെ മുന്നേറുന്ന റയില്‍പാതയുടെ പൂര്‍ണ സംരക്ഷണം സായുധസേനക്കായിരിക്കും. പ്രത്യേക പരിശീലനം നല്‍കിയ കമാന്‍ഡോകളെയാകും ചുമതലപ്പെടുത്തുക.
628 കിലോമീറ്റര്‍ വരുന്ന രണ്ടാംഘട്ടം മുസഫ്ഫ, ഖലീഫ പോര്‍ട്ട്, ദുബൈയിലെ ജബല്‍അലി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു. സൗദി, അറേബ്യ, ഒമാന്‍ അതിര്‍ത്തിയിലേക്കാണ് പാത നീളുന്നത്.