ഷാര്‍ജ വൈദ്യുതി ശ്മശാനം പ്രവര്‍ത്തന സജ്ജം

Posted on: March 12, 2015 8:00 pm | Last updated: March 12, 2015 at 8:36 pm
SHARE

ഷാര്‍ജ: ഷാര്‍ജയിലെ വൈദ്യുതി ശ്മശാനം പ്രവര്‍ത്തന സജ്ജമായി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയാണ് വൈദ്യുത ശ്മശാനം സ്ഥാപിച്ചത്.
ഹിന്ദു, സിഖ് വിഭാഗത്തില്‍പെട്ടവര്‍ക്ക് ഉപകാരമാകും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സൗജന്യമായി നല്‍കിയ ഭൂമിയിലാണ് പണിതത്. ഷാര്‍ജ സിമന്റ് ഫാക്ടറിക്ക് എതിര്‍വശം അല്‍ ജുവൈസയിലാണിത്. ഷാര്‍ജ നഗരസഭയുടെ കീഴിലുള്ള പൊതുമരാമത്തിന്റെ അനുമതി ലഭിച്ചതോടെ യു എ ഇ യില്‍ മരിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പുതിയ ശ്മശാനം ഏറെ ഉപകാരപ്രദമാകും. വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കൂടി ഇടപെടലിന്റെ ഭാഗമായാണ് ഇപ്പോള്‍ അനിശ്ചിതത്വം ഒഴിഞ്ഞതും പ്രവര്‍ത്തനസജ്ജമായതും.
60 ലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്മശാനത്തില്‍ വൈദ്യുതിയുടെയും ഗ്യാസിന്റെയും സഹായത്താല്‍ മൃതദേഹം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ എംബാം ചെയ്യാനുള്ള സൗകര്യവും ഷാര്‍ജ നഗരസഭയുടെ സഹായത്തില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ അസോസിയേഷന്‍. പുതിയ ശ്മശാനം നിര്‍മിക്കാനാവശ്യമായ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി മുന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഞ്ച് ലക്ഷം ദിര്‍ഹം അനുവദിച്ചിരുന്നു.
വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് അടുത്തിടെ നടത്തിയ യു എ ഇ സന്ദര്‍ശനവേളയില്‍ അഞ്ചുലക്ഷം ദിര്‍ഹം സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായിയായ ഡോ. എം എ യൂസുഫലിയും സാമ്പത്തിക സഹായം നല്‍കിയിരുന്നു.