യുഎഇക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 146 റണ്‍സ് ജയം; ഡിവില്ലേഴ്‌സിന് റെക്കോര്‍ഡ്

Posted on: March 12, 2015 3:31 pm | Last updated: March 13, 2015 at 12:00 am
SHARE

SA VS UAEവെല്ലിങ്ടണ്‍: യുഎഇക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 146 റണ്‍സിന്റെ വന്‍വിജയം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെടുത്ത ദക്ഷിണാഫ്രിയ്ക്ക് മറുപടിയായി 47.3 ഓവറില്‍ 195 റണ്‍സെടുക്കാനേ യുഎഇക്ക് കഴിഞ്ഞുള്ളൂ. ഒരു റണ്‍സിന് സെഞ്ച്വറി നഷ്ടമായ ഡിവില്ല്യേഴ്‌സാണ് കളിയിലെ താരം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. 17 റണ്‍സില്‍ നില്‍ക്കേ ഒന്നാം വിക്കറ്റ് നഷ്ടമായെങ്കിലും മികച്ച സ്‌കോര്‍ നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. അപകടകാരിയായ ഡിവില്ല്യേഴ്‌സ് തന്നെയാണ് മികച്ച ബാറ്റിങ് പുറത്തെടുത്തത്. 82 പന്തില്‍ 99 റണ്ണെടുത്ത ഡിവിക്ക് ഒരു റണ്ണകലെ സെഞ്ച്വറി നഷ്ടമാകുകയായിരുന്നു.നാല് സിക്‌സറുകളും 6 ഫോറുകളും ഉള്‍പ്പെടെയാണിത്. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം എന്നീ റെക്കോര്‍ഡുകള്‍ എ ബി സ്വന്തമാക്കി. ബെഹാര്‍ഡിന്‍ 31 പന്തില്‍ 64 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. മില്ലര്‍ 49 റണ്‍സെടുത്തു. യുഎഇക്കായി നവീദ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാനായില്ല. പാട്ടീല്‍ മാത്രമാണ് ചെറുത്ത് നിന്നത്. 100 പന്തില്‍ 57 റണ്‍സാണ് അദ്ദേഹം നേടിയത്. അന്‍വര്‍ 39 റണ്‍സെടുത്തു.