തൊഴില്‍ ചര്‍ച്ച തീരുമാനമായില്ല; ഇനി ചര്‍ച്ച 16ന്

Posted on: March 12, 2015 11:03 am | Last updated: March 12, 2015 at 11:03 am
SHARE

വടക്കഞ്ചേരി: ടൗണിലെ തൊഴില്‍ തര്‍ക്കം സംബന്ധിച്ച് വടക്കഞ്ചേരി സി ഐ ഓഫീസില്‍ വിവിധ ട്രേഡ് യൂനിയനുകളെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
ആലത്തൂര്‍ ഡി വൈ എസ് പി ഒ കെ ശ്രീരാമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചു. സി ഐ ടി യു അംഗങ്ങള്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ യോഗം 16ന് വീണ്ടും നടത്താന്‍ ധാരണയാകുകയായിരുന്നു.
വടക്കഞ്ചേരി ടൗണിലെ 6 സി ഐ ടി യു തൊഴിലാളികള്‍ രാജിവെച്ച് ഐ എന്‍ ടി യു സിയില്‍ ചേര്‍ന്നതോടെയാണ് തൊഴില്‍ തര്‍ക്കം രൂപപ്പെട്ടത്. നിലവില്‍ ഐ എന്‍ ടി യു സി, ഐ എന്‍ എല്‍ സി, എ ഐ ടി യു സി സംയുക്ത തൊഴിലാളി യൂനിയന് 32 അംഗങ്ങളെയും സി ഐ ടി യു തൊഴിലാളി യൂനിയന് 34 അംഗങ്ങളുമുണ്ട്. ഇതിനാല്‍ എല്ലാ തൊഴിലാളികള്‍ക്കും തുല്യമായി തൊഴില്‍ ലഭിക്കുന്നതിന് തൊഴില്‍മേഖല പുനക്രമീകരണമെന്നാണ് സംയുക്ത തൊഴിലാളി യൂനിയന്റെ ആവശ്യം. വടക്കഞ്ചേരിയിലെ 66 തൊഴിലാളികള്‍ മൂന്ന് പൂളുകളായാണ് തൊഴിലെടുത്ത് വരുന്നത്.
ഇതില്‍ രണ്ട് പൂളുകളില്‍ സി ഐ ടി യു തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കൂടുതല്‍ തൊഴിലാളികള്‍ ഐ എന്‍ ടി യു സിയില്‍ എത്തിയതോടെ തൊഴില്‍ ക്രമീകരണം അത്യാവശ്യമാണെന്നാണ് തൊഴിലാളികളുടെ ആവശ്യം. തൊഴില്‍ പ്രശ്‌നം പണിമുടക്കിലേക്കും ഏറ്റുമുട്ടലുകളിലേക്കും കടന്നതോടെയാണ് ചര്‍ച്ച അനിവാര്യമായി വന്നത്. യോഗത്തില്‍ അസി ലേബര്‍ ഓഫീസര്‍ കെ എം സുനില്‍, ക്ഷേമ ബോര്‍ഡ് സൂപ്രണ്ട് എം രാധാകൃഷ്ണന്‍,. തൊഴില്‍സംഘടനാ പ്രതിനിധികളായ കെ ബാലന്‍, കെ വി കുമാരന്‍, റെജി കെ മാത്യു, എ ജോസ്, രമേഷ് പ്രധാനി, ജലീല്‍, കെ രാധാകൃഷ്ണന്‍, എസ് ബശീര്‍, ഒ ഇ ജോസഫ്, എ വി അബ്ബാസ്, വടക്കഞ്ചേരി സി ഐ എസ് പി സുധീരന്‍ പങ്കെടുത്തു.