ഒറ്റപ്പാലത്ത് 640 പേര്‍ക്ക് വീട് നിര്‍മാണത്തിന് ധനസഹായം

Posted on: March 12, 2015 10:59 am | Last updated: March 12, 2015 at 10:59 am
SHARE

ഒറ്റപ്പാലം: സമ്പൂര്‍ണ്ണഭവനനിര്‍മാണം എന്ന സ്വപ്‌ന പദ്ധതിസാക്ഷാത്ക്കരിക്കുകയെന്ന ലക്ഷ്യം വെച്ച് ബ്ലോക്ക് പരിധിയിലെ ‘ഭവനരഹിതരായ 640 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ധനസഹായം നല്‍കുന്നതിന് 10.44 കോടി രൂപ വകയിരുത്തിയിട്ടുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ 2015- 16 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
33,96,13,155 രൂപ വരവും 337296470 രൂപ ചെലവും 23,16,685 രൂപമിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എ കെ കുമാരനാണ് അവതരിപ്പിച്ചത്.
കാര്‍ഷിക- ക്ഷീര മേഖലകളുടെ വികസനത്തിന് 54,43,500 രൂപയും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് 23 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ സേവന മേഖലയില്‍ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ചളവറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സമഗ്രവികസനത്തിന് 27 ലക്ഷം രൂപയും സൗജന്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നാലു ലക്ഷം രൂപയും നീക്കിവെച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സമഗ്രമായി നടപ്പാക്കുന്നതിനും നൂറ് ദിവസം തൊഴില്‍ ഉറപ്പ് വരുത്തുന്നതിനും 16, 9272410 രൂപ വകയിരുത്തി ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി കുടുംബങ്ങളിലെ വിധവങ്ങളായ കുടുംബനാഥകള്‍ക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങിക്കുവാന്‍ 12 ലക്ഷം രൂപയും കലാകായിക മേഖലകളുടെ വളര്‍ച്ചക്കും തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും 945150രൂപ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം കെ സുമയ്യ, കെ പി സുധീര്‍, എന്‍ ആര്‍ ബീന, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു