ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Posted on: March 12, 2015 10:57 am | Last updated: March 12, 2015 at 10:57 am
SHARE

സുല്‍ത്താന്‍ ബത്തേരി: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. അമ്പലവയല്‍ ആനപ്പാറ ചെറുശോല ഷമീര്‍ എന്ന 35കാരനും കുടുബവുമാണ് ചികിത്സചെലവ് കണ്ടെത്തുന്നതിന്നായി ഉദാരമതികളുടെ സഹായം തേടുന്നത്. ഇരുവൃക്കകളും തകരാറിലായ ഷമീര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ട്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്ന ഏകമാര്‍ഗം. ഓപ്പറേഷനും തുടര്‍ചികിത്സക്കുമായി 15 ലക്ഷം രൂപ ചെലവ് വരും. മാതാവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഷമീറായിരുന്നു. ഷമീറിനു സുഖമില്ലാതായതോടെ ഇവരുടെ ദൈനംദിന ജീവിതവും ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ ചികിത്സക്കുള്ള ഭീമമായ തുക കണ്ടെത്താന്‍ ഈ കുടുബത്തിന്ന് കഴിയില്ല.
ഷമീറിന് ചികിത്സ ഫണ്ട് കണ്ടെത്തുന്നതിന്നായി അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം യു ജോര്‍ജും വാര്‍ഡ് മെമ്പര്‍ സുകുമാരനും രക്ഷാധികാരികളായും അഷ്‌റഫ് പൈക്കാടന്‍ ചെയര്‍മാനും ടി.ആര്‍. പ്രകാശ് കണ്‍വീനറും പി.വി. നാരായണന്‍ ട്രഷററും ആയി 25 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതിനായി വയനാട് ജില്ലാ സഹകരണ ബാങ്ക് അമ്പലവയല്‍ ബ്രാഞ്ചില്‍ 130221200421079(ഐഎഫ്എസ്ഇ-എഫ്ഡി ആര്‍എല്‍ പൂജ്യം ഡബ്ല്യുഡിസിബി പൂജ്യം ഒന്ന്) എന്ന നമ്പറില്‍ ഒരു അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിച്ചതായും ഉദാരമതികള്‍ സഹായിക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരികളായ എം.യു. ജോര്‍ജ്, എന്‍.സി. കൃഷണകുമാര്‍, സുകുമാരന്‍, ചെയര്‍മാന്‍ അഷ്‌റഫ് പൈക്കാടന്‍, കണ്‍വീനര്‍ ടി.ആര്‍. പ്രകാശന്‍, ട്രഷറര്‍ പി.വി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.