സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമേകാന്‍ ഇ-സാക്ഷരതാ പദ്ധതി

Posted on: March 12, 2015 10:55 am | Last updated: March 12, 2015 at 10:55 am
SHARE

കല്‍പ്പറ്റ: ആയിരങ്ങളെ അറിവിന്റെ ലോകത്തേക്ക് പിടിച്ചു കയറ്റിയ സാക്ഷരതാ പദ്ധതിയുടെ മാതൃകയില്‍ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യകളുടെ പരിജ്ഞാനമേകാന്‍ വിദ്യാഭ്യാസ-പഞ്ചായത്ത്-ഐറ്റി വകുപ്പുകളുടെയും, കേന്ദ്ര ഐറ്റി മന്ദ്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇ-സാക്ഷരത പദ്ധതി നടപ്പിലാക്കുന്നു.
സാധാരണക്കാര്‍ക്ക് വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നല്‍കുക, കല, ശാസ്ത്രം, സാങ്കേതിക വിദ്യ, വ്യവസായം, ആശയ വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ ആശയ വിനിമയം നടത്തുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഗുണമേ•യുള്ള വിദ്യാഭ്യാസം പ്രാപ്തമാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ഇ-ഗവേണ്‍സ് പദ്ധതിക്ക് ജന പങ്കാളിത്തം ഉറപ്പ് വരുത്തുക, സാമൂഹ്യ പങ്കാളിത്തത്തിലൂടെ സ്വയംതൊഴില്‍, തൊഴില്‍ കൂട്ടായ്മ എന്നിവയ്ക്ക് സ്വീകാര്യത നല്‍കുക, ഇ-വാണിജ്യവും, ഇ-സേവനവും സുപരിചിതമാക്കുക, ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വിപണി വികസനത്തിന് നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഇ-സാക്ഷരതയുടെ ലക്ഷ്യങ്ങള്‍.
പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മേല്‍നോട്ടത്തിലുള്ള സംഘാടക സമിതി ഓരോ വാര്‍ഡില്‍ നിന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരാളെ കണ്ടെത്തി പരിശീലനം നല്‍കും. തുടര്‍ന്ന് വാര്‍ഡിലെ ഇ-സാക്ഷരത ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ താമസസ്ഥലം, ജോലി സ്ഥലം, പൊതു സ്ഥലം എന്നിവിടങ്ങളില്‍ 10 പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച് 10 ദിവസം കൊണ്ട് 12 മണിക്കൂര്‍ പരിശീലനം നല്‍കും.
ഗുണഭോക്താക്കള്‍ക്ക് ഇ-മെയില്‍ ഐഡി നിര്‍ബന്ധമായിരിക്കും. ഇ-സാക്ഷരര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 100 പഞ്ചായത്തുകളില്‍ നിന്നും 10 ലക്ഷം പേര്‍ക്ക് ഇ-സാക്ഷരത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പി.എന്‍ ബാലഗോപാല്‍ പറഞ്ഞു.