Connect with us

Wayanad

ആശുപത്രി മാലിന്യങ്ങള്‍ ജനവാസകേന്ദ്രത്തിന് സമീപം തള്ളി; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ബത്തേരി പഞ്ചായത്ത് ചൂരിമൂലയിലെ ജനവാസ കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടു തള്ളിയത് പ്രതിഷേധത്തിനടയാക്കി. വിവരം അറിയിച്ചിട്ടും നീക്കം ചെയ്യാന്‍ പഞ്ചായത്ത് കൂട്ടാക്കത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ് പ്രവര്‍ത്തകര്‍ മാലിന്യവുമായെത്തി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
ഇന്നലെ രാവിലെയോടെയാണ് ചാക്കുകെട്ടുകളിലാക്കി ആശുപത്രിമാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ട് വന്ന് ജനവാസകേന്ദ്രത്തിന് സമീപം തള്ളിയത്. പതിനാല് ചാക്കോളം മാലിന്യങ്ങള്‍ പാതയരുകിലും പത്ത് ചാക്കോളം എസ്റ്റേറ്റിന് സമീപത്തുമായാണ് നിക്ഷേപിച്ചത്. രാവിലെ തന്നെ വിവരം പഞ്ചായത്തിലറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടറും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ നീക്കം ചെയ്യാന്‍ നടപടിയെടുക്കാതിരുന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാലിന്യം പഞ്ചായത്തിന് മുന്നില്‍ കൊണ്ടിട്ട് ഓഫീസ് ഉപരോധിക്കുകയായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ പഞ്ചായത്ത് ഉദാസീനത കാണിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ആശുപത്രി മാലിന്യങ്ങള്‍ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്നും, മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാമെന്നും ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. സമരം സിപിഎം ബത്തേരി ഏരിയാ സെക്രട്ടറി ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജിതൂഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദാലി, സിപിഎം ജില്ലാകമ്മിറ്റി അംഗം വിവി ബേബി, വാര്‍ഡ് മെമ്പര്‍ ടികെ രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.