വന്യമൃഗശല്യം: വയനാട്ടില്‍ അടുത്ത മാസം സര്‍വകക്ഷിയോഗം ചേരും

Posted on: March 12, 2015 10:52 am | Last updated: March 12, 2015 at 10:52 am
SHARE

കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ സര്‍വ്വ കക്ഷി യോഗം ചേരും.

സിപിഎം, കര്‍ഷക സംഘം, കെഎസ്‌കെടിയു,എകെഎസ് നേതാക്കളായ സികെ ശശീന്ദ്രന്‍, പി കൃഷ്ണപ്രസാദ്, ടി ബി സുരേഷ്, സി കെ സഹദേവന്‍, സുരേഷ് താളൂര്‍, പി വാസുദേവന്‍ എന്നിവര്‍ മുഖ്യമന്ത്രി,വനം മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.യോഗത്തില്‍ കല്‍മതില്‍ നിര്‍മിക്കുന്നതടക്കമുളള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ വന്യമൃഗശല്ല്യത്തിനെതിരായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറിന് മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് ഫണ്ടാണ്. ഇതിനായി വയനാട്ടിലെ സര്‍ക്കാര്‍ തേക്ക് തോട്ടങ്ങളിലെ തേക്കുകള്‍ മുറിച്ച് മാറ്റിയാല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തുക കണ്ടെത്താമെന്ന് സി പി എം പോഷക സംഘടനാ നേതാക്കള്‍ വനം മന്ത്രിയെ ബോധ്യപ്പെടുത്തി. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള തേക്ക് തോട്ടങ്ങള്‍ മുറിച്ച് മാറ്റണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
വരള്‍ച്ച ജില്ലയില്‍ രൂക്ഷമാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് തേക്ക് തോട്ടങ്ങളാണെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. തേക്ക് തോട്ടങ്ങള്‍ മുറിച്ച് മാറ്റി സ്വഭാവിക വനം വെച്ച് പിടിപ്പിച്ചാല്‍ ഒരു പരിധി വരെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ സുരക്ഷിതമാക്കാനും കഴിയും.എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വേണ്ടത്ര ജാഗ്രത സര്‍ക്കാറിന്റേയും വനം വകുപ്പിന്റെയും ഉണ്ടാകുന്നില്ല. വേനലാരംഭത്തില്‍ തന്നെ കര്‍ണ്ണാടക വനങ്ങള്‍ വരള്‍ച്ചയുടെ പിടിയിലമരുകയും അവിടെ നിന്ന് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ വയനാടന്‍ വനങ്ങളിലേക്ക് ചേക്കേറുന്നതാണ് പതിവ്.
വേനല്‍ തൊട്ട് മഴക്കാലം വരെ ജില്ലയില്‍ വന്യമൃഗശല്ല്യം രൂക്ഷമാകുന്നതിന്റെ കാരണവും ഇതാണ്. പലപ്പോഴും മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കും വയനാട് വേദിയാകാറുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ നൂല്‍പ്പുഴയിലും തമിഴ്‌നാട് അതിര്‍ത്തിയായ പാട്ടവയലിലും നരഭോജി കടുവ രണ്ട് പേരെ കൊന്നിരുന്നു. കഴിഞ്ഞയാഴ്ച വാകേരി വട്ടത്താനിയില്‍ രണ്ട് സ്ത്രീകള്‍ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒമ്പത് പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരുമ്പോഴും കാടും നാടും വേര്‍തിരിക്കണമെന്ന വയനാടിന്റെ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്നതാണ് ഏറ്റവും ഖേദകരം.
2012ല്‍ നൂല്‍പ്പുഴയില്‍ കടുവ പ്രശ്‌നമുണ്ടായപ്പോള്‍ വയനാട്ടിലെത്തിയ മുഖ്യമന്ത്രി കല്‍മതില്‍ നിര്‍മ്മാണം, എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം പ്രഖ്യാപനത്തിലെതുങ്ങുകയാണുണ്ടായത്.വനാതിര്‍ത്തിയിലടക്കം പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്നതാണ് മറ്റൊരു വസ്തുത. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ വനാതിര്‍ത്തികളില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച് കാട്ടാന പ്രതിരോധ കിടങ്ങുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തകര്‍ന്നടിഞ്ഞ് കിടക്കുന്നു. നബാര്‍ഡ് ഫണ്ട് ആറ് കോടി വിനിയോഗിച്ച് വയനാട് വന്യജീവി സങ്കേതം തോല്‍പ്പെട്ടി വന്യജീവി സങ്കേതം എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ക്ക് വന്യജീവികളില്‍ നിന്ന് സംരക്ഷണം നല്‍കാനായി തുടങ്ങിയ വൈദ്യുതി കമ്പിവേലി നിര്‍മ്മാണവും ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് എങ്ങുമെത്താതെ കിടക്കുന്നത്.ഇതോടെ വനത്തിനകത്തും പുറത്തും കഴിയുന്നവര്‍ ഒരുപോലെ ദുരിതം പേറേണ്ടി വരികയാണ്.
ജില്ലയില്‍ വനത്തിനകത്ത് 14 സെറ്റില്‍മെന്റുകളിലായി എണ്ണൂറിലധികം കുടുംബങ്ങളാണ് കഴിയുന്നത്. ഇവരുടെ പുനരധിവാസവും നീളുകയാണ്.കാട്ടുമൃഗങ്ങള്‍ വരുത്തിയ കൃഷിനാസത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൂറ് കണക്കിന് അപേക്ഷകളാണ് വനംവകുപ്പ് മുന്നില്‍ കെട്ടിക്കിടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിപിഎം പോഷകസംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിട്ടുണ്ട്. വന്യമൃഗങ്ങള്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അടുത്ത മാസം ചേരുന്ന സര്‍വ്വ കക്ഷി യോഗത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് വയനാടിന്റെ പ്രതീക്ഷ.