ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടുവെന്ന്; ബി ജെ പി നേതാവിനെതിരെ പരാതി

Posted on: March 12, 2015 10:51 am | Last updated: March 12, 2015 at 10:51 am
SHARE

കല്‍പ്പറ്റ: ബി ജെ പി ജില്ലാ പ്രസിഡന്റ് കെ സദാനന്ദനെതിരെ പാര്‍ട്ടിയിലും പോഷക പ്രസ്ഥാനങ്ങളിലും അസ്വാരസ്യം. ഏകപക്ഷിയമായി ന്യൂനപക്ഷ മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടുവെന്നാരോപിച്ചാണ് സാദനന്ദനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.സാബു വര്‍ഗീസിനും ദേശീയ സമിതിയംഗം എ കെ നസീറിനും രേഖാമൂലം പരാതി നല്‍കിയിരിക്കയാണ് പിരിച്ചുവിടപ്പെട്ട കമ്മിറ്റിയുടെ ജില്ലാ ഭാരവാഹികളില്‍ ചിലര്‍. പള്ളിക്കുന്ന് സ്വദേശിയും വിമുക്തഭടനുമായ ജോസഫ് വളവനാല്‍ പ്രസിഡന്റായ കമ്മിറ്റിയെയാണ് ബി ജെ പി ജില്ലാ അധ്യക്ഷന്‍ പിരിച്ചുവിട്ടത്. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്യാതെയും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ആലോചിക്കാതെയുമായിരുന്നു ഇത്. ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമാണ് ജോസഫ്.
സദാനന്ദന്റെ നടപടി പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗത്തിനു പുറമേ ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത്, കേരള ആദിവാസി സംഘം ജില്ലാ നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കീഴ്‌വഴക്കം ലംഘിച്ചുവെന്ന അഭിപ്രായമാണ് ഇവരില്‍ പലര്‍ക്കും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ജില്ലയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ അംഗബലം ഗണ്യമായി വര്‍ധിച്ചിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നായി ഏകദേശം രണ്ടായിരം പേരാണ് പുതുതായി സംഘടനയിലെത്തിയത്. ഇതിനിടെയാണ് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി ബി ജെ പി ജില്ലാ അധ്യക്ഷന്‍ പത്രക്കുറിപ്പ് ഇറക്കിയത്. പത്രങ്ങളില്‍ വായിച്ചാണ് കമ്മിറ്റി പിരിച്ചുവിട്ട വിവരം ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ഭാരവാഹികള്‍പോലും അറിഞ്ഞത്. കമ്മിറ്റി പരിച്ചുവിട്ടതായുള്ള പത്രക്കുറിപ്പ് ന്യൂനപക്ഷ മോര്‍ച്ചയില്‍ പുതുതായി ചേര്‍ന്നവര്‍ക്കും അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമിടയില്‍ ആശയക്കുഴപ്പത്തിനു കാരണമായെന്നാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ ജില്ലയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും അവര്‍ കരുതുന്നു. 45 അംഗങ്ങളാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍. ഇവരില്‍ ഭൂരിപക്ഷവും പ്രസിഡന്റിന്റെ നടപടി അനുചിതമായെന്ന അഭിപ്രായത്തിലാണ്.
വാഴവറ്റ സ്വദേശിയായ യുവ വ്യവസായി ആന്റോ അഗസ്റ്റിന്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റായി ദിവസങ്ങള്‍ക്കുള്ളിലാണ് സംഘടനയുടെ ജില്ലാ കമ്മിറ്റി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പിരിച്ചുവിട്ടത്. പ്രസിഡന്റ് ജോസഫ് വളവനാലടക്കം ജില്ലാ ഭാരവാഹികളില്‍ ചിലര്‍ പ്രത്യേക താത്പര്യമെടുത്താണ് ബി.ജെ.പി പ്രവര്‍ത്തകനുമായ ആന്റോ അഗസ്റ്റിനെ ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹിയാക്കിയത്. ഇക്കാര്യത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ അനുമതി തേടിയിരുന്നില്ല. ഇതിലുള്ള അമര്‍ഷമാണ് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റിതന്നെ പിരിച്ചുവിട്ട് പാര്‍ട്ടി പ്രസിഡന്റ് തീര്‍ത്തതെന്ന് ബി.ജെ.പി പ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു. ‘വയനാട്ടില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിനു പകരം തളര്‍ത്തുകയാണ് പ്രസിഡന്റും അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുന്നവരും. പ്രസിഡന്റടങ്ങുന്ന മൂവര്‍ സംഘം ജില്ലയില്‍ കയ്യടക്കിവെച്ചിരിക്കയാണ് പാര്‍ട്ടിയെ. ഇവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പാര്‍ട്ടിയിലും പോഷക പ്രസ്ഥാനങ്ങളിലും അടിച്ചേല്‍പ്പിക്കുകയാണ്. ഇത് നിരവധി പേര്‍ പാര്‍ട്ടിയും പോഷക സംഘടനകളുമായി അകലുന്നതിനു ഇടയാക്കി. കേരള ആദിവാസി സംഘം ഇപ്പോള്‍ ദുര്‍ബലമാണ് വയനാട്ടില്‍.
പാര്‍ട്ടി ജില്ലാ നേതാക്കളില്‍ ചിലരുടെ പിടിപ്പുകേടാണിതിനു കാരണം. ആദിവാസി സംഘത്തിന്റെ ഭാഗമായിരുന്നവരില്‍ പലരും ഇപ്പോള്‍ മറ്റു സംഘടനകളുടെ നേതാക്കളോ പ്രവര്‍ത്തകരോ ആണ്. പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെ നടപടി ജില്ലയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ശക്തിക്ഷയത്തിനും വഴിയൊരുക്കും. ഇത് ഫലത്തില്‍ പാര്‍ട്ടിയെയാണ് ബാധിക്കുക’-ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. പ്രസിഡന്റിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പാര്‍ട്ടി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന നേതൃത്വം ഇടപെട്ടുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.