Connect with us

Malappuram

വില വിവരപ്പട്ടികയില്ല: കൂള്‍ബാറുകളില്‍ തോന്നിയ വില

Published

|

Last Updated

വണ്ടൂര്‍: വേനല്‍ചൂടില്‍ അല്‍പം ആശ്വാസം തേടാന്‍ ശീതളം പാനിയം കുടിക്കാന്‍ കടകളില്‍ കയറിയിറങ്ങിയാല്‍ ചിലപ്പോള്‍ കീശ കാലിയാകും. പാനീയങ്ങള്‍ക്ക് തോന്നിയ പോലെയാണ് കച്ചവട സ്ഥാപനങ്ങള്‍ വിലയീടാക്കുന്നത്. ഒരേ പാനിയത്തിന് പല കടകളിലും വില പലതാണ്. വില്‍ക്കപ്പെടുന്ന ഭക്ഷ്യ സാധാനങ്ങളുടെ വില കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് 1997ലെ ഭക്ഷ്യസാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കല്‍ സംബന്ധിച്ച ഉത്തരവിലും, 1980ലെ അവശ്യസാധന നിയമത്തിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ബില്‍ കൈയില്‍ കിട്ടുമ്പോഴാണ് ഞെട്ടിക്കുന്ന വില നിങ്ങള്‍ക്ക് കാണാനാകുക.
ഏറ്റവും വില കുറവുണ്ടായിരുന്ന നാരാങ്ങ വെള്ളത്തിന് തന്നെ വില ഏഴ്, പത്ത്, പതിനഞ്ച് എന്നിങ്ങനെ യാതൊരു ക്രമവുമില്ലാതെയാണ്. വില വര്‍ദ്ദിപ്പിക്കുന്നതിനും മാനദണ്ഡമില്ല. പഞ്ചസാര,നാരങ്ങ,ഐസ്,വെള്ളം എന്നിവയാണ് സാധാരണയായി അസംസ്‌കൃ വസ്തുക്കളായി ഈ പാനിയത്തില്‍ ചേര്‍ക്കാറുള്ളത്. ഇവക്കൊന്നും അടുത്ത കാലത്തായി കാര്യമായി വില വര്‍ധിച്ചിട്ടുമില്ല. എന്നിട്ടും നാരങ്ങാ വെള്ളത്തിന്റെ വില പതിനഞ്ചില്‍ എത്തി നില്‍ക്കുന്നു.
അഞ്ചില്‍ നിന്ന് ഏഴ് രൂപയിലേക്കും പിന്നീട് പത്തും പതിനഞ്ചിലേക്കുമാണ് വില കുതിച്ചു ചാടിയത്. മറ്റു പാനീയങ്ങളുടെ വില ഇതിനേക്കാളേറെയാണ്. ചിക്കു ജ്യൂസിന് വണ്ടൂരിലെ കടകളില്‍ പരമാവധി വില 25 രൂപയാണ്. എന്നാല്‍ മഞ്ചേരിയിലെത്തുമ്പോള്‍ 25 മുതല്‍ 50 രൂപവരെ ഇതിന് ഈടാക്കുന്നു. മഞ്ചേരി പാണ്ടിക്കാട് റോഡിലെ കെ ആര്‍ ബേക്കറിയില്‍ ചിക്കു ജ്യൂസിന് വില 50. തൊട്ടപ്പുറത്തെ മറ്റൊരു കടയില്‍ വില 30. എന്താണ് വില വ്യത്യാസത്തിന് കാരണമെന്ന് അന്വേഷിച്ചാല്‍ കൃത്യമായ മറുപടിയൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം വരെ ചെറിയ കടകളില്‍പോലും പത്ത് രൂപക്ക് ലഭിച്ചിരുന്ന അവില്‍ മില്‍ക്കിന് ഇത്തവണത്തെ വില പതിനഞ്ച് ആയി ഉയര്‍ന്നിട്ടുണ്ട്. വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ വില കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഭക്ഷ്യവകുപ്പ് നിര്‍ദേശം.
ഇവ പ്രദര്‍ശിപ്പിക്കാത്ത ഹോട്ടല്‍ ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളെ പിടികൂടാറുണ്ടെങ്കിലും കൂള്‍ബാറുകളിലോ ബേക്കറി കടകളിലോ ഇത്തരം പരിശോധനകള്‍ നടക്കാറില്ല. ഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്നു മുക്തരാക്കുന്നതിനും പൊതുവിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുമാണ് ഭക്ഷ്യവകുപ്പ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ മാത്രമായും മറ്റു വകുപ്പുകളുമായി ചേര്‍ന്നും പ്രത്യേകം റെയ്ഡുകള്‍ നടത്തണമെന്നും നേരത്തെ ഭക്ഷ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ പൊലീസ്, ആരോഗ്യം, റവന്യൂ, ലീഗല്‍ മെട്രോളജി, നികുതി വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ നടപടിയെടുക്കാമെങ്കിലും ഇവയെല്ലാം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാറില്ല.

---- facebook comment plugin here -----

Latest