Connect with us

Malappuram

വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണം: ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

മലപ്പുറം: മാറാക്കരയില്‍ കെ എസ് ഇ ബി യുടെ അനാസ്ഥ മൂലം അഞ്ച് വയസുകാരനായ മദ്‌റസ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി കമ്മീഷന്റെ പരഗണനയില്‍ നിലനില്‍ക്കുന്നതല്ലെന്ന കെ എസ് ഇ ബി യുടെ വാദം ന്യൂനപക്ഷ കമ്മീഷന്‍ തള്ളി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ കമ്മീഷന്‍ നടത്തിയ സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ.എം വീരാന്‍കുട്ടിയുടെ അധ്യക്ഷതയയില്‍ നടന്ന സിറ്റിംഗിലാണ് മാനുഷിക പരിഗണന വെച്ച് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
മറ്റ് ഭൂമിയില്ലാത്തതിനാല്‍ നഞ്ച ഭൂമിയില്‍ വീട് വെക്കാന്‍ അനുമതി തേടി രണ്ട് വനിതകള്‍ നല്‍കിയ അപേക്ഷകളില്‍ ഏപ്രില്‍ 28 നകം അനുഭാവ പൂര്‍ണമായ തീരുമാനമെടുത്ത് അറിയിക്കാമെന്ന് തിരൂര്‍ നഗരസഭ സെക്രട്ടറി കമ്മീഷന് ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തിലധികമായി തുടരുന്ന കാലതാമസം ശരിയല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഫോട്ടോയില്‍ തീയതി രേഖപ്പെടുത്താത്തതിനാല്‍ കെ.എസ്.ഇ.ബി. മസ്ദൂര്‍ തസ്തികയിലെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന പരാതിയില്‍ പി എസ് സിയോട് കൂടുതല്‍ വിശദീകരണം തേടി.
പാലക്കാട് എന്‍ എസ് എസ്. എന്‍ജിനീയറിംഗ് കോളജിലെ 70 ഓളം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കോളജ് അധികൃതരുടെ അനാസ്ഥ മൂലം കേന്ദ്രസര്‍ക്കാറിന്റെ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടാനിടയായ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടും. ഇത് സംബന്ധിച്ച് സംസ്ഥാന ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടി. യഥാസമയം ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടും കോളെജില്‍ നിന്നും അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അയയ്ക്കാന്‍ വൈകിയതാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കാതിരിക്കാന്‍ കാരണമായതെന്ന് വിദ്യാര്‍ഥികള്‍ കമ്മീഷനെ അറിയിച്ചു.
ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറെ നേരില്‍കണ്ട് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോളജ് പ്രിന്‍സിപ്പലിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിഷയം ദേശീയ ന്യൂനപക്ഷ കമ്മീഷനെ ധരിപ്പിക്കുമെന്നും ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന് ഡല്‍ഹിയില്‍ ചെന്ന് നിവേദനം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. അംഗങ്ങളായ അഡ്വ.കെ പി മറിയുമ്മ, അഡ്വ.വി വി ജോഷി, എം എച്ച് മുഹമ്മദ് റാഫി എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.

Latest